കണ്ണൂര്‍: നഗരത്തിന് വിളിപ്പാടകലെ നടന്ന വിവാഹ ആഭാസത്തിനെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു. ഒട്ടകപ്പുറത്തത്തെിയ വളപട്ടണം സ്വദേശി റിസ്വാനും വിവാഹ ഘോഷയാത്ര നടത്തിയ സുഹൃത്തുക്കളായ 25 പേര്‍ക്കെതിരെയുമാണ് ചക്കരക്കല്‍ സി.ഐ ശ്രീജിത്ത് കോടെരി കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്ന് കണ്ണൂര്‍, മട്ടന്നൂര്‍ സംസ്ഥാനപാതയിലെ വാരം ചതുരക്കിണക്കറില്‍ ഗതാഗത തടസമുണ്ടാക്കിയതിനാണ് കേസെടുത്തത്. ഫ്രീക്കന്‍മാരായ വരന്റെ സൃഹുത്തുക്കള്‍ വരനെ ഒട്ടകത്തിന്റെ മുകളില്‍കയറ്റിയിരുത്തി ഘോഷയാത്രയായ നടത്തിച്ചത് നാട്ടുകാരിലും ബന്ധുക്കളിലും പ്രതിഷേധമുണ്ടാക്കിയതിനെ തുടര്‍ന്ന് വരനെ പൊലിസും നാട്ടുകാരും കൂടി താഴെയിറക്കി. കഴിഞ്ഞ ദിവസം വാരത്താണ് സംഭവം. വളപട്ടണം സ്വദേശിയായ യുവാവിന്റെയും വാരം ചതുരക്കിണര്‍ സ്വദേശിനിയായ യുവതിയുടെയും വിവാഹത്തിനായി വരന്റെ കൂടെ വന്ന ഒരു സംഘം യുവാക്കളാണ് ആഘോഷം ആഭാസമാക്കിമാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നിഹാഹ്. അതുകഴിഞ്ഞ് ഞായറാഴ്ച്ച വരനും സംഘവും വധുവിന്റെ വീട്ടിലെത്തുമ്പോഴാണ് സംഭവം. വളപട്ടണത്തു നിന്ന് പുറപ്പെട്ട സംഘം മുണ്ടയാട് എത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ ഇടപെട്ട് വരന്റെ യാത്ര ഒട്ടകപ്പുറത്താക്കിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളില്‍ പുഷ്പകിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ വരന്റെ പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കള്‍ റോഡു നീളെ ഘോഷയാത്രയായി നീങ്ങുകയായിരുന്നു. ഇവര്‍ക്ക് അകമ്പടി സേവിക്കാന്‍ കാതടപ്പിക്കുന്ന ബാന്‍ഡ് വാദ്യവുമുണ്ടായിരുന്നു. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗണ്‍ ഉപയോഗിച്ചു പ്രദേശത്ത് പുക പരത്തുകയും തീപ്പൊരി ചിതറിക്കുകയും ചെയ്തു. ഇതുകാരണം റോഡിലൂടെ പോകുന്നവാഹന യാത്രക്കാര്‍ക്ക് കാഴ്ച മങ്ങുകയും വഴിയാത്രക്കാര്‍ക്കു മേല്‍ തീപ്പൊരി ചിതറുകയും ചെയ്തു. ഇതുവഴികടന്നു വന്ന ആംബുലന്‍സിന് പോകാന്‍ കഴിയാത്ത സാഹചര്യമെത്തിയപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. വിവരമറിഞ്ഞ് ചക്കരക്കല്‍ പൊലിസും സ്ഥലത്തെത്തി. ഇതോടെ പൊലിസും ആഘോഷ കമ്മിറ്റിയിലെ രണ്ടു യുവാക്കളുംതമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്തു താക്കീതു ചെയ്തു വിട്ടയച്ചു. നാട്ടുകാരും പൊലിസുകാരും മഹല്ല് കമ്മിറ്റിയും ഒന്നിച്ചു ഇടപെട്ടതോടെയാണ് വിവാഹഭാസക്കാരായ ഫ്രീക്കന്‍മാര്‍ പിന്‍വലിഞ്ഞത്.
