നടന്‍ കൊല്ലം തുളസിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് പിടിയിലായത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റല്‍ എന്ന കമ്പനി ഉണ്ടാക്കി ഇവര്‍ പലരില്‍നിന്നും പണം തട്ടിയതായാണ് വിവരം. നടന്‍ കൊല്ലം തുളസിയില്‍ നിന്ന് ആദ്യം രണ്ടു ലക്ഷം രൂപ വാങ്ങി പ്രതികള്‍ നാലു ലക്ഷമായി തിരിച്ചു നല്‍കിയിരുന്നു. ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെ പ്രതികള്‍ക്ക് 20 ലക്ഷം രൂപ നടന്‍ കൈമാറി. പണം കൈക്കലാക്കിയതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് അച്ഛനും മകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയത്. തട്ടിപ്പില്‍ നിരവധി പേര്‍ ഇരകളായെന്നും കണ്ടെത്തി. രണ്ടു വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍, ശ്രീകാര്യം, വട്ടിയൂര്‍കാവ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഇരുവര്‍ക്കുമെതിരെ കേസുകളുണ്ട്.
