കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ചാടി പോയ എം.ഡി.എം.എ കടത്ത് കേസിലെ പ്രതി ഹര്‍ഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ഹര്‍ഷാദ് ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നില്‍ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഞായറാഴ്ച രാവിലെയാണ് പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങിയ ഹര്‍ഷാദ് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ കയറിപ്പോയത്. ജയിലില്‍ നിന്ന് പുറത്തേക്കെത്തിയ ഹര്‍ഷാദ് ബംഗളൂരുവില്‍ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയില്‍ ചാടാനുള്ള ആസൂത്രണത്തില്‍ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ മാസം ഒന്‍പതിനാണ് ഹര്‍ഷാദിനെ സുഹൃത്ത് ജയിലില്‍ കാണാനെത്തിയത്. എന്നാല്‍ ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രണത്തില്‍ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. ഫോണ്‍ വഴിയാണ് ജയില്‍ ചാട്ടം പദ്ധതിയിട്ടതെന്നാണ് നിഗമനം. കോയ്യോട് സ്വദേശിയായ ഹര്‍ഷാദിന്റേത് ആസൂത്രിത ജയില്‍ ചാട്ടമാണെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലിയായിരുന്നു ഹര്‍ഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയില്‍ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് അവധി ദിവസം രാവിലെ അതിവിദഗ്ധമായി ജയില്‍ ചാടി പോയത്.
