മര്‍ദ്ദനത്തിനിരയായ ജമാഅത്ത് പ്രസിഡണ്ട് മരിച്ച സംഭവം;കാസര്‍കോട്ടേക്ക് മുങ്ങിയ പ്രതി പിടിയില്‍

കാസര്‍കോട്: കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റത്തിനിടയില്‍ മര്‍ദ്ദനത്തിനു ഇരയായ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ പൊലീസ് തെരയുന്ന പ്രതി കാസര്‍കോട്ട് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി വടക്കുംതല സ്വദേശി കിഴക്കിലെത്ത് ഹൗസിലെ എ.നൗഷാദ് അബ്ദുല്‍ റഹീം (42)ആണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറും സംഘവും ഉള്ളാളില്‍ വച്ച് പിടികൂടിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് കാസര്‍കോട്ടേക്ക് തിരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡണ്ടുമായ ഇടക്കുളങ്ങര, മണ്ണേല്‍ വീട്ടില്‍, സലീം മണ്ണേല്‍ (60) ആണ് മരിച്ചത്. ജമാഅത്ത് ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടയിലായിരുന്നു വാക്കേറ്റവും സംഘര്‍ഷവും തുടങ്ങിയത്. ഇതിനിടയിലാണ് സലീമിനു മര്‍ദ്ദനമേറ്റത്. ഉടന്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തതോടെ നൗഷാദ് നാട്ടില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം കൊല്ലം പൊലീസ് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അറിയിച്ചിരുന്നു. നൗഷാദ് കാസര്‍കോട്ടെത്തിയതായുള്ള സൂചന ലഭിച്ച ജില്ലാ പൊലീസ് മേധാവി പി.ബിജോയിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍ അന്വേഷണം നടത്തിയത്. കാസര്‍കോട്ടെത്തിയ നൗഷാദ് നാട്ടുകാരനും കാസര്‍കോട്ടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കാരനായ സുഹൃത്തിനെ കാണാന്‍ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പണം വാങ്ങിയതായും സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നൗഷാദ് ഉള്ളാളില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഉള്ളാളിലെത്തിയാണ് നൗഷാദിനെ പിടികൂടി കാസര്‍കോട്ടെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page