മഹാരാഷ്ട്രയില്‍ അവിഹിത ബന്ധത്തെ ചോദ്യം ചെയ്തതിന് 17 വയസ്സുള്ള ഭാര്യയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയും, ഭാര്യയുടെ നഗ്നവീഡിയോ തന്റെ ബന്ധുക്കളുമായി പങ്കുവെക്കുകയും ചെയ്തതിന് ഇരുപത്തിനാലുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിൽ ജനുവരി 12 നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് 17 വയസ്സും ആറ് മാസവും മാത്രം പ്രായമുള്ളപ്പോൾ, 2023 നവംബർ 20 നായിരുന്നു പ്രതിയുമായുള്ള വിവാഹം. ദിവസങ്ങൾക്കുള്ളില്‍ സമീപവാസിയായ മറ്റൊരു യുവതിയുമായി തന്റെ ഭർത്താവിന് ബന്ധമുണ്ടെന്ന് പെൺകുട്ടി കണ്ടെത്തി. ഇത് ചോദ്യംചെയ്ത പെണ്‍കുട്ടിയെ ബോധരഹിതയായി വീഴുന്നതുവരെ ഭർത്താവ് അടിക്കുകയും വൈദ്യചികിത്സ നിഷേധിക്കുകയും ചെയ്തു.
പരാതിക്കാരിയായ പെൺകുട്ടി തന്റെ വീട്ടിലേക്ക് പോയതില്‍ രോഷാകുലനായ യുവാവ്, പെണ്‍കുട്ടിയുടെ നഗ്നവീഡിയോ സ്‌നാപ്ചാറ്റിൽ ബന്ധുക്കളുമായി പങ്കുവെക്കുകയായിരുന്നു. ഇതറിഞ്ഞ പെൺകുട്ടി, തനിക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലന്ന് അറിഞ്ഞിട്ടും വിവാഹം ചെയ്തതിന് ഭര്‍ത്താവും, വിവാഹത്തിന് അനുമതി നൽകിയതിന് കുറ്റാരോപിതനായ പുരുഷന്റെയും പരാതിക്കാരിയായ പെൺകുട്ടിയുടെയും മാതാപിതാക്കൾ നടപടി നേരിടേണ്ടിവരുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.