കണ്ണൂര്‍: പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേയ്ക്ക് കടന്ന യുവാവ് നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ മുംബൈ വിമാനതാവളത്തില്‍ അറസ്റ്റില്‍. പഴയങ്ങാടി, മാട്ടൂല്‍, സിദ്ദീഖാബാദ് തങ്ങളെ പുരയില്‍ മുനീസ് പാലക്കോടന്‍(25) ആണ് അറസ്റ്റിലായത്. 2018 ല്‍ പഴയങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ രണ്ടാം പ്രതിയാണ് മുനീസ്. മറ്റൊരു പ്രതി അന്നു അറസ്റ്റിലാവുകയും കോടതി പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദേശത്തേയ്ക്ക് കടന്ന മുനീസിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ടാണ് മടക്കയാത്രയ്ക്കിടയില്‍ മുനീസിനെ മുംബൈ വിമാനതാവളത്തില്‍ പിടികൂടിയത്.