കാസര്‍കോട്: ജില്ലയില്‍ കൈമാറാന്‍ കൊണ്ട് വന്ന 13 ലക്ഷത്തിലേറെ രൂപ ഇന്ത്യന്‍ മൂല്യമുള്ള സൗദി റിയാല്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി അബൂബക്കര്‍ സിദ്ദീഖ്(47)പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ കാസര്‍കോട് ചക്കര ബസാറില്‍ നിന്നാണ് എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സൗദി റിയാല്‍ പിടികൂടിയത്. 500 ന്റെ 120 റിയാലിന്റെ നോട്ടു കളാണ് സിദ്ദീഖിന്റെ കൈവശമുണ്ടായിരുന്നത്. ജില്ലാ പൊലീസ് ചീഫ് പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ടൗണ്‍ പൊലീസ് പരിശോധനക്കെത്തിയത്. കാസര്‍കോട്ടെ ഒരു വ്യക്തിക്ക് കൈമാറാന്‍ ട്രെയിന്‍ വഴിയാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ ഓഫീസര്‍ കെ.പ്രദീപ്, ഡ്രൈവര്‍ സനീഷ് ജോസഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.