അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ദിനം; 22ന് പൊതു അവധി; ഡ്രൈ ഡേ ആചരിക്കണം; 11 ദിവസം വിശേഷ വ്രതം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഉത്തർ പ്രദേശ് സർക്കാർ. പൊതു അവധി പ്രഖ്യാപിച്ചു. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ഉത്തരവും ഇറങ്ങിയിരിക്കുന്നത്.
ജനുവരി 22 ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും രാമക്ഷേത്ര പ്രതിഷ്ഠ ദിനവും ആഘോഷിക്കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷങ്ങൾ നടത്തുമെന്നും യോഗി അറിയിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ദിപങ്ങളാൽ അലങ്കരിക്കുമെന്നും വലിയ ഉത്സവത്തിന്‍റെ പ്രതീതിയിലാകും രാമക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിക്കുകയെന്നും മുഖ്യമന്ത്രി വിവരിച്ചു. മകരസംക്രാന്തി മുതൽ മതപ്രഭാഷണങ്ങൾ ആരംഭിച്ച് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. ഇന്നുമുതൽ പതിനൊന്ന് ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page