കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ്റെ കുടുംബത്തിന് ജപ്തി നോട്ടീസ്; അധികൃതരുടെ വാക്കുകൾ പാഴ് വാക്കായി; പ്രസാദിൻ്റെ കുടുംബത്തിന് കിടപ്പാടം നഷ്ടമായേക്കും

ആലപ്പുഴ:സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്.പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോട്ടീസ്. രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകര്‍ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്.
കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു.  എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ പ്രസാദിന്റെ വീട്ടുകാരെ തേടി എത്തിയത് ആകെയുള്ള കിടപ്പാടവും ജപ്തി ചെയ്യുമെന്ന നോട്ടീസ്.

പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 2022 ആഗസ്റ്റില്‍ 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 11 നാണ് പ്രസാദ് കീടനാശിനി കഴിച്ച്‌ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page