തലശേരി: ട്രെയിനില്‍ സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞ് പൊള്ളലേറ്റ തലശേരി സ്വദേശിയായ ഏഴ് വയസ്സുകാരന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന ആരോപണവുമായി കുട്ടിയുടെ മാതാവ് രംഗത്തെത്തി. ടിടിഇ യോട് സഹായം തേടിയെങ്കിലും കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇരുതുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഏഴുവയസ്സുകാരന്‍. ജനുവരി മൂന്നാം തീയ്യതിയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് മലബാര്‍ എക്‌സപ്രസില്‍ കയറിയതാണ് അമ്മയും മകനും. അവിടെ പല്ല് ഡോക്ടറെ കാണാനായിരുന്നു യാത്ര. കണ്ണപുരം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അടുത്തിരുന്നയാളുടെ കയ്യിലെ ചായ കുട്ടിയുടെ ദേഹത്ത് മറിഞ്ഞു. പൊള്ളിയത് കണ്ടപ്പോള്‍ അമ്മ സഹായം തേടി. എന്നാല്‍ പ്രാഥമിക ചികിത്സയെങ്കിലും നല്‍കാന്‍ സഹായിക്കുന്നതിന് പകരം റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴയിടാനായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് തിടുക്കമെന്ന് മാതാവ് പറഞ്ഞു. സഹയാത്രികരും തിരിഞ്ഞുനോക്കിയില്ലെന്നിവര്‍ പറയുന്നു. പിന്നീട് ഉള്ളാള്‍ സ്റ്റേഷനിലിറങ്ങി. ആശുപത്രിയില്‍ പോയി. ട്രെയിനില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് കോച്ചുകളിലില്ല. ഉള്ളത് ഗാര്‍ഡ് റൂമില്‍ മാത്രമാണ്. അങ്ങോട്ടേക്ക് പോകാനായില്ല. ടിടിഇമാര്‍ എത്തിച്ചതുമില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍ ടിടിഇമാര്‍ അടുത്ത സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചിരുന്നുവെന്നാണ് റെയില്‍വെയുടെ മറുപടി. പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍, റെയില്‍വെ പൊലീസ് എന്നിവരോടാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
