മംഗളൂരു: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ യുവാക്കള്‍ മയക്കുമരുന്ന് വില്പന നടത്തവെ പിടിയിലായി. അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27), ഉമര്‍ ഫാറൂഖ് ഇര്ഫാന് (26) എന്നിവരാണ് അറസ്റ്റിലായത്. പാഡില്‍ റെയില്‍വേ പാലത്തിനടുത്ത സരിപള്ള ചെളി റോഡില്‍ സ്കൂട്ടറില്‍ എംഡിഎംഎ വില്‍ക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. അഷ്ഫാഖ് കുപ്രസിദ്ധ ക്രിമിനലാണ്. ഇയാള്‍ക്കെതിരെ മംഗളൂരു റൂറല്‍, കങ്കനാടി, ഉള്ളാള്‍, സൂറത്ത്കല്‍, മംഗളൂരു സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകള്‍ നിലവിലുണ്ട്. മംഗളൂരു സൗത്ത്, റൂറല്‍, ഉള്ളാള്‍, മൂഡ്ബിദ്രി, ബാര്‍കെ, കൊണാജെ, സൂറത്ത്കല്‍, കാര്‍ക്കള സിറ്റി, ഷിര്‍വ തുടങ്ങി മംഗളൂരുവിലെ വിവിധ മേഖലകളില്‍ കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി, വാഹന മോഷണം തുടങ്ങിയ കേസുകളില്‍ ഉമര്‍ ഫാറൂഖ് ഇര്‍ഫാനു പങ്കുണ്ട്. 25 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ ഇപ്പോള്‍ നിലവിലുണ്ട്. യാദൃശ്ചികമായാണ് പ്രതികള്‍ പൊലീസിന്റെ മുന്നില്‍ പെടുന്നത്.
