അടഞ്ഞു കിടന്ന വീട്ടില്‍ അഞ്ച് മനുഷ്യരുടെയും വളര്‍ത്തുമൃഗത്തിന്റെയും അസ്ഥികൂടങ്ങള്‍; ഞെട്ടിക്കുന്ന കാഴ്ച

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നാലുവര്‍ഷത്തോളമായി അടഞ്ഞു കിടന്ന വീട്ടില്‍നിന്ന് അഞ്ച് മനുഷ്യരുടെയും ഒരു വളര്‍ത്തുമൃഗത്തിന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വീട്ടില്‍ താമസിച്ചവരെന്നു കരുതപ്പെടുന്ന കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. മദ്യ ലഹരിയില്‍ വീട് തുറന്ന് അകത്തു കയറിയ ആളാണ് അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടത്. പേടിച്ചു നിലവിളിച്ചു പുറത്തേക്കോടിയ ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞാണ് മറ്റുള്ളവരോട് വിവരം പുറത്തു പറഞ്ഞത്. ഇതുവഴി പ്രഭാത സവാരിക്ക് പോകുന്നവര്‍ വ്യാഴാഴ്ച വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ പലഭാഗത്തായി അഞ്ച് മനുഷ്യ അസ്ഥികൂടങ്ങളും വീടിന്റെ പുറകു വശത്തായി വളര്‍ത്തു നായയുടെ അസ്ഥികൂടവും കണ്ടെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഢി(85), ഭാര്യ പ്രേമ(80), മക്കളായ ത്രിവേണി (62), കൃഷ്ണ റെഡ്ഢി (60), നരേന്ദ്ര റെഡ്ഢി (57) എന്നിവരുടേതാണ് മൃതദേഹ അവശിഷ്ടങ്ങളെന്നു പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. നാല് അസ്ഥികൂടങ്ങളില്‍ രണ്ടെണ്ണം കിടപ്പു മുറിയിലെ കട്ടിലിലും മറ്റു രണ്ടെണ്ണം അതേ മുറിയിലെ തറയിലും കമഴ്ന്നു കിടന്ന നിലയിലായിരുന്നു. ഒരു മൃതദേഹ അവശിഷ്ടം മറ്റൊരു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ ചുവരില്‍ 2019 വര്‍ഷത്തെ കലണ്ടറാണുള്ളത്. വീട്ടിലെ സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. ജഗന്നാഥ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് എന്ന് കരുതുന്ന ഒരു കടലാസ് വീട്ടില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അക്ഷരങ്ങള്‍ മാഞ്ഞുപോയ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ഫോറസ്റന്‍സിക് പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ട നടപടികള്‍ ആരംഭിക്കും.

ബന്ധുക്കളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു ജഗന്നാഥ് റെഡ്ഢിയും കുടുംബവും. പരിസരവാസികളുമായും ഇവര്‍ ആശയവിനിമയം നടത്തിയിരുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി ഏറ്റവും അടുത്ത ബന്ധുവുമായി പോലും ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. 2019 ജൂണ്‍ മാസത്തിനു ശേഷം ഈ കുടുംബത്തെ പ്രദേശവാസികളും കണ്ടിട്ടില്ല. ജഗന്നാഥ് ഭാര്യയും മക്കളുമായി വൃദ്ധസദനത്തില്‍ അഭയം തേടി കാണുമെന്നു കരുതിയിരിക്കുകയായിരുന്നു ഇത്രയും കാലമെന്നു ബന്ധുക്കളിലൊരാള്‍ പറഞ്ഞു. മോഷണ ശ്രമത്തിനിടയില്‍ ഇവര്‍ കൊല്ലപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. കുറ്റമറ്റ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page