കൊച്ചി:ചോറ്റാനിക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച ശാരി (37) യുടെ ഭര്‍ത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഈ വിഷയത്തില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
തിങ്കളാഴ്ചയാണ് ഷൈജുവിന്‍റെ രണ്ടാം ഭാര്യയായ ശാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി ഷൈജു കുറ്റം സമ്മതിച്ചു.
ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്ന ശാരിയുമായി അടുപ്പത്തിലായ ഷൈജു 13 വര്‍ഷമായി അവരോടൊപ്പമാണ് താമസിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. ശാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ഷൈജുവിന്‍റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മദ്യം കൊടുത്ത് ശാരിയെ അബോധാവസ്ഥയിലാക്കുകയും തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയും നൈറ്റി കൊണ്ട് മുഖം അമര്‍ത്തിയുമാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ഷാളുകള്‍ കൂട്ടിക്കെട്ടി മുറിയുടെ കഴുക്കോലില്‍ മൃതദേഹം കെട്ടിതൂക്കാൻ ശ്രമിച്ചു.
ഇത് പരാജയപ്പെട്ടതോടെ ആത്മഹത്യയാണെന്ന് പറഞ്ഞ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ക്കും പൊലീസിനും തോന്നിയ സംശയമാണ് കൊലപാതകം വെളിച്ചത്ത് വന്നത്.