തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം തന്നെ. തീരുമാനം സംസ്ഥാന കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകരിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു ബിനോയ് വിശ്വം. ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. കെ. പ്രകാശ് ബാബുവാണ് ബുധനാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഒരു ചര്‍ച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ നിശ്ചയിച്ചത്. പിന്‍ഗാമിയായി കാനം നിര്‍ദ്ദേശിച്ച ബിനോയ്ക്കു ഇക്കാര്യത്തില്‍ എതിര്‍പ്പും ഉണ്ടായില്ല. കാനം മരിച്ചതിനെ തൊട്ട് പിന്നാലെ സെക്രട്ടറി ചുമതല നല്‍കിയപ്പോള്‍ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടായില്ല.
നിലവില്‍ രാജ്യസഭാ അംഗമായ ബിനോയ് വിശ്വം സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് അദ്ദേഹം. സിപിഐയുടെ മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാണ്. 2006-2011 കാലഘട്ടത്തില്‍ വിഎസ് സര്‍ക്കാരില്‍ വനം, ഭവന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
1955 നവംബര്‍ 25ന് വൈക്കത്ത് ജനനം. മുന്‍ വൈക്കം എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്റെയും സി.കെ. ഓമനയുടെയും മകനാണ്. ബി.എ. എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കിയിരുന്നു. വൈക്കം ഗവ. ബോയ്സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ്. സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സോവിയറ്റ് യൂണിയനില്‍നിന്ന് വേള്‍ഡ് യൂത്ത് അവാര്‍ഡ്, വേള്‍ഡ് യൂത്ത് ഫെഷറേഷന്റെ ബാനര്‍ ഓഫ് യൂത്ത് യൂണിറ്റി ആന്റ് ഡിപ്ലോമ അവാര്‍ഡ്, യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ എന്‍വയോണ്‍മെന്റ് അവാര്‍ഡ്, കൊല്ലം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ്, ഓയ്സ്‌ക ഇന്റര്‍നാഷണല്‍ വൃക്ഷബന്ധു അവാര്‍ഡ് എന്നിവ നേടിയിരുന്നു. ഷൈലയാണ് ഭാര്യ. രശ്മി, സൂര്യ എന്നിവരാണ് മക്കള്‍.
