ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25 വയസുകാരനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഖുസ്രു പാര്‍ക്കില്‍ കത്തിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആസാദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 23 നായിരുന്നു സംഭവം. ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി നടത്തിയതാണ് കൊലപാതകം എന്ന് കുറ്റാരോപിതരില്‍ ഒരാള്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
പോലീസ് നല്‍കുന്ന വിവരമമനുസരിച്ച് കൊല്ലപ്പെട്ട യുവാവ് കുറ്റാരോപിതരായ ആണ്‍കുട്ടികളില്‍ ഒരാളെ ലൈംഗികചൂഷണത്തിനിരയാക്കിയിരുന്നു. തുടര്‍ന്ന് ഇയാളും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിസ്ഥാനത്തുള്ള മൂന്നുപേരും പ്രായ പൂര്‍ത്തിയാവാത്തവരാണ്. കൊലയ്ക്ക് ശേഷം സംശയകരമായ രീതിയില്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ മൂവരും കുറ്റം സമ്മതിച്ചു. പിന്നീട് പാര്‍ക്കിലെത്തി തെളിവെടുപ്പ് നടത്തി. കൂട്ടത്തിലൊരുവനെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് രണ്ട് ദിവസം മുമ്പ് ആസാദിനെ കൊലപ്പെടുത്തിയതെന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പറഞ്ഞു. തെളിവ് നശിപ്പിക്കാന്‍ കുട്ടികള്‍ ഉണങ്ങിയ ഇലകള്‍ കൊണ്ട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പരിസരത്തു നിന്ന് മൂര്‍ച്ചയുള്ള ആയുധം, കല്ലുകള്‍, വടികള്‍ എന്നിവ കണ്ടെടുത്തു. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാള്‍ക്കെതിരെ അടിപിടി, കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
