കാസർകോട് : നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച ശേഷം നിർത്തിയിട്ട ബസ്സിലും ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാരായ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. കാസർകോട് താളിപടപ്പ് സ്വദേശി ജനാർദ്ദനൻ(49), മകൻ ധനുഷ് (12) എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അന്തർ സംസ്ഥാനപാതയിലെ പെർളയിലാണ് അപകടം നടന്നത്. ശബരിമല തീർത്ഥാടനത്തിന് മുദ്രയാണിഞ്ഞ ഇരുവരും കർണാടക പുത്തൂരിൽ പോയി വരികയായിരുന്നു. പെർളയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ ആദ്യം വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത് നിർത്തിയിരുന്ന സ്വകാര്യ ബസ്സിലും ഇടിച്ചു മറിഞ്ഞു. കാറിന്റെ മുൻഭാഗം പാടെ തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ആൾക്കാരാണ് ഇവരെ കാറിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്.
