പാർലമെൻ്റിൻ്റെ സുരക്ഷ ഇനി സി ഐ എസ് എഫിൻ്റെ കരങ്ങളിൽ; ഡൽഹി പൊലീസിനെ ഒഴിവാക്കി;വിജ്ഞാപനം ഇറക്കി ആഭ്യന്തര വകുപ്പ്

ന്യൂഡൽഹി:പാര്‍ലമെന്റ് മന്ദിരത്തിൻ്റെ സുരക്ഷാ ഇനി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഏറ്റെടുക്കും. അടുത്തിടെ നടന്ന പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി പോലീസില്‍ നിന്ന് സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുക്കുക.കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവേശനം നടത്തുന്നവരെ പരിശോധിക്കുന്നതുള്‍പ്പടെ എല്ലാ അനുബന്ധ ഉത്തരവാദിത്തങ്ങളും സിഐഎസ്‌എഫ് ഏറ്റെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംയോജിത സുരക്ഷാ പരിരക്ഷ നല്‍കുന്ന കേന്ദ്ര സായുധ പോലീസ് സേനയാണ് സിഐഎസ്‌എഫ്. നിലവില്‍ എയ്റോസ്പേസ് ഡൊമെയ്നുകള്‍, സിവില്‍ എയര്‍പോര്‍ട്ടുകള്‍, ആണവ സൗകര്യങ്ങള്‍ തുടങ്ങി പല കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ കെട്ടിടങ്ങളും ഉള്‍പ്പെടെ 350-ലധികം സ്ഥലങ്ങളില്‍ സിഐഎസ്‌എഫ് സുരക്ഷാ ഒരുക്കുന്നുണ്ട്.ഈ മാസം പതിമൂന്നിനായിരുന്നു പാര്‍ലമെന്റില്‍ അതിക്രമമുണ്ടായത്. ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവര്‍ സഭാംഗങ്ങളുടെ ചേംബറിലേക്ക് ചാടുകയും മഞ്ഞകളറിലുള്ള സ്മോക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു.

പുതിയതും പഴയതുമായ പാര്‍ലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്‌എഫിന്റെ സമഗ്ര സുരക്ഷാ കവറേജിന് കീഴില്‍ കൊണ്ടുവരും, പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ്, ഡല്‍ഹി പോലീസ്, പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് എന്നിവയുടെ നിലവിലുള്ള ഘടകങ്ങളും ഉണ്ടായിരിക്കും. സമുച്ചയത്തിനുള്ളിലെ സുരക്ഷ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവാദിത്തമായി തുടരും. അതേസമയം കെട്ടിടത്തിനു പുറത്തുള്ള ഡല്‍ഹി പോലീസ് സംരക്ഷണം തുടരും. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് മാറ്റം. സുരക്ഷാ ലംഘനത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ട വിശദമായ സുരക്ഷാ സര്‍വേയ്ക്ക് ശേഷമാണ് ചുമതലയേറ്റെടുക്കുക.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page