കണ്ണൂര്‍: പയ്യന്നൂരിലെ ദേവാലയത്തിലെ വൈദീകന്‍ എലിവിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ.എം.വി.ഷീജുവും സംഘവും അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം വൈദീകന്റെ മരണത്തിനിടയാക്കിയ ഊമകത്ത് പൊലീസ് കണ്ടെത്തി. വൈദികന്റെഅന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ചിലരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് സൂചന നല്‍കി. ഊമക്കത്തിനെതുടര്‍ന്നാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി ഫാ.ആന്റണി മുഞ്ഞനാട്ട് (38) പള്ളിമുറിയില്‍ വിഷം കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട യുവ വൈദീകനെ കരുവഞ്ചാലിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആശുപത്രി ഡോക്ടറോട് ജീവനൊടുക്കാന്‍ ശ്രമിച്ച കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി യുവ വൈദീകന്റെ മരണമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വൈദീകന്റെ സഹോദരി പുത്രി നിടിയേങ്ങ സ്വദേശിനിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. ഗുരുതരാവസ്ഥയില്‍ ചികിത്സക്കിടെ ആശുപത്രിയിലെ ഡോക്ടറോട് ജീവനൊടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ തനിക്ക് ലഭിച്ച ഊമക്കത്താണെന്ന് മൊഴി നല്‍കിയ വിവരം പുറത്തുവന്നിട്ടുണ്ട്. ചിലര്‍ നടത്തിയ ഗൂഢാലോചനയില്‍ പടച്ചുണ്ടാക്കിയ ആരോപണത്തില്‍ മാനസികമായി തകര്‍ന്നിരുന്നു. ഒടുവില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്നാണ് യുവ വൈദികന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.