മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്‌: സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുമ്പ്‌ അസുഖം കൂടിയതിനെ തുടർന്ന്‌ കണ്ണൂർ മിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച്ച രാത്രി പന്ത്രണ്ടോടെയാണ്‌ മരണം. നിലവിൽ സിപിഎം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന്‌ കാലിക്കടവ്‌ സി കൃഷ്‌ണൻ നായർ സ്‌മാരക മന്ദിരം, 11ന്‌ കാരിയിൽ വി വി സ്‌മാരക മന്ദിരം, 12ന്‌ ചെറുവത്തൂർ ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, ഉച്ചക്ക് ഒന്നിന്‌ മട്ടലായിയിലെ വീട്‌ എന്നിവിടങ്ങളിൽ പൊതുദർശനം. ശേഷം മൂന്നുമണിക്ക് സംസ്‌കാരം നടക്കും.
1994 മുതൽ 2004 വരെ കാസർകോട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സംസ്ഥാന കമ്മിറ്റിയംഗവും 2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎയുമായിരുന്നു. പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്നു കുഞ്ഞിരാമന്റേത്. 1943 നവംബർ 10ന്‌ തുരുത്തി വപ്പിലമാട്‌ കെ വി കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായി ജനിച്ചു. വൈദ്യരായിരുന്ന പിതാവ്‌, മകനെ തന്റെ പാതയിലേക്ക്‌ കൊണ്ടുവരാനാണു തീരുമാനിച്ചത്. വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം പഠിക്കാൻ ചേർത്തു. തുടർന്ന്‌ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വൈദ്യം പഠിക്കാനും അയച്ചു. അവിടെയും കെഎസ്‌എഫിന്റെ പ്രവർത്തനത്തിൽ സജീവമായ കുഞ്ഞിരാമൻ 1967–- 70 കാലത്ത്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റും എറണാകുളം ജില്ലാപ്രസിഡന്റുമായി. പിന്നീട് നാലുവർഷത്തിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങിയ അദ്ദേഹം വൈദ്യവൃത്തി ഉപേക്ഷിച്ച്‌ മുഴുവൻ സമയ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകനാവുകയായിരുന്നു കാരിയിൽ ബ്രാഞ്ച്‌ സെക്രട്ടറി, ചെറുവത്തൂർ ലോക്കൽ സെക്രട്ടറി, നീലേശ്വരം ഏരിയാസെക്രട്ടറി, കാസർകോട്‌ ജില്ല രൂപീകരിച്ചപ്പോൾ ജില്ലാസെക്രട്ടറിയറ്റംഗം എന്നീ പദവികളും വഹിച്ചു. 1979മുതൽ 84വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയി പ്രവർത്തിച്ചു. പാനൂർ സ്വദേശി എൻ ടി കെ സരോജിനിയാണ്‌ ഭാര്യ. മക്കൾ: സിന്ധു (മടിവയൽ), ഷീന (കാരിയിൽ), ഷീജ (പയ്യന്നൂർ സഹകരണ ആശുപത്രി), അനിൽ (ചീമേനി കോളേജ്‌ ഓഫ്‌ എൻജിനീയറിങ്‌), സുനിൽ (മട്ടലായി). മരുമക്കൾ: ഗണേശൻ (റിട്ട. ജില്ലാ ബാങ്ക്‌ കാസർകോട്‌), യു സന്തോഷ്‌ (കേരളാ ബാങ്ക്‌ നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശൻ പതിക്കാൽ.
കെ കുഞ്ഞിരാമൻ എംഎൽഎ ആയിരുന്ന കാലത്ത് തലിച്ചാലം, തട്ടാർക്കടവ്, ഓരിക്കടവ്, വെള്ളാപ്പ്, ഓർച്ച, കോട്ടപ്പുറം, നെടുങ്കല്ല്, കൊല്ലാട, കുണിയൻ, തോട്ടുകര, കണ്ണങ്കൈ, രാമന്തളി തുടങ്ങിയ പാലങ്ങളുടെ വികസനത്തിനായി നൂറ്റിഇരുപത്തിയഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്.
പെരുമ്പട്ട, തയ്യേനി, കയ്യൂർ, കോട്ടപ്പുറം തുടങ്ങിയ സ്കൂളുകൾക്ക് കെട്ടിടം നിർമിക്കാനായതും വികസന നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. കയ്യൂർ ഐ.ടി.ഐ യെ മികവിന്റെ കേന്ദ്രമായി ഉയർത്തി. എട്ട് വിദ്യാലയങ്ങൾക്ക് അസംബ്ലി ഹാൾ, തൃക്കരിപ്പൂർ, ആയിറ്റി ബോട്ട് ടെർമിനൽ, ഇടയിലക്കാട് ഫെസിലിറ്റേഷൻ സെന്റർ, സബ് രജിസ്ട്രാർ ഓഫിസ്, എക്സ്സൈസ് കോംപ്ലക്സ്, എളേരി കോളജ് കെട്ടിടം, കയ്യൂർ ഐ.ടി.ഐ കെട്ടിടം, തൃക്കരിപ്പൂർ, നീലേശ്വരം സി.എച്ച്.സി കെട്ടിടങ്ങൾ, ചെറുവത്തൂർ ഓപ്പൺ എയർ ഓഡിറ്റോറിയം, പുത്തിലോട്ട് കോൺഫറൻസ് ഹാൾ, നടക്കാവ് വലിയകൊവ്വൽ സ്റ്റേഡിയം എന്നിവയും വികസന നേട്ടങ്ങളിൽ ചിലതാണ്. ഭീമനടി വനിതാ ഐ.ടി.ഐ ആരംഭിച്ചതും ഇക്കാലത്താണ്.
എളമ്പച്ചി ഹോമിയോ ആശുപത്രി, തൃക്കരിപ്പൂർ, നീലേശ്വരം താലൂക്ക് ആശുപത്രികൾ, വലിയപറമ്പ്, ചീമേനി, തൃക്കരിപ്പൂർ, പടന്ന എന്നിവിടങ്ങളിൽ ഹോമിയോ ഡിസ്പെൻസറി, ആയിറ്റിയിൽ പുതുതായി രണ്ട് ബോട്ടുകൾ, ചെറുവത്തൂർ ഫിഷിങ് ഹാർബർ, നിരവധി തീരദേശ മേഖലാ റോഡുകൾ, മയ്യിച്ച, ചന്തേര എന്നിവിടങ്ങളിൽ റെയിൽ അണ്ടർ പാസുകൾ, എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ ഈ കാലയളവിൽ നടപ്പിലാക്കാൻ കഴിഞ്ഞു. കെ.കുഞ്ഞിരാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച സംഘാടകനും നിയമസഭാ സമാജികനായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ തന്നെ ആയുർവേദ വൈദ്യൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page