കേന്ദ്രസര്‍ക്കാരിന് ആശ്വാസം; ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പരമാധികാരമില്ല. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. 370-ാം അനുച്ഛേദം ഭേദഗതി റദ്ദ് ചെയ്ത കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.
2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങി വിവിധ പാര്‍ട്ടികളും, വ്യക്തികളും, സംഘടനകളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 370ാം വകുപ്പ് സ്ഥിരമാണോ താല്‍ക്കാലികമാണോ, ജമ്മുകാശ്മീര്‍ നിയമസഭ പിരിച്ച് വിട്ടത് നിയമപരമാണോ, ജമ്മുകാശ്മീര്‍ രണ്ടായി വിഭജിച്ചത് ശരിയാണോ എന്നീ മൂന്നുകാര്യങ്ങളാണ് കോടതി പരിഗണിച്ചത്. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ കോടതി ഇടപെടുന്നില്ലെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ സാധ്യത തള്ളിക്കളയാനാവില്ല. ജമ്മുകാശ്മീരിന് പരമാധികാരം ഉണ്ടായിരുന്നില്ലെന്നതും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. 2019 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ 370 വകുപ്പിന്റെ നിബന്ധനകള്‍ റദ്ദാക്കിയതിനും ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് ജമ്മുകാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനും എതിരെയാണ് വിവിധ സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2020 ലാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഈ വര്‍ഷം ആഗസ്ത് 5 മുതല്‍ പരാതികളില്‍ വാദം കേട്ട അഞ്ചംഗ ബെഞ്ച് സെപ്തംബറില്‍ വിധി പറയാന്‍ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page