വടകര:ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്.മരിക്കുന്നതിന് മുമ്പ് ഷബ്‌ന തന്നെ ചിത്രീകരിച്ച വീഡിയോയാണ് ഒടുവില്‍ പുറത്ത് വന്നത്. ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതുമാണു ദൃശ്യങ്ങള്‍. ഈ സംഭവം കഴിഞ്ഞ ഉടനെ ഷബ്‌ന അകത്ത് കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഓര്‍ക്കാട്ടേരി കുന്നുമ്മക്കര തണ്ടാര്‍കണ്ടിയില്‍ ഹബീബിന്റെ ഭാര്യയും അരൂരിലെ പുളിയംവീട്ടില്‍ കുനിയില്‍ അമ്മതിന്റെ മകളുമായ ഷബ്‌ന (30) യെയാണ് കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വന്തം വീട്ടില്‍ വന്ന ഷബ്‌ന തിങ്കളാഴ്‌ചയാണ് ഭര്‍തൃ വീട്ടിലേക്ക് പോയത്. രാത്രി 11 മണിയോടെയാണു ദുബായിലുള്ള ഷബ്‌നയുടെ ഭര്‍ത്താവ്, കുന്നുമ്മക്കരയിലെ വീട്ടില്‍ എന്തോ വിഷയമുണ്ടെന്നും പോയി നോക്കണമെന്നും ഷബ്‌നയുടെ വീട്ടിലേക്കു വിളിച്ചറിയിച്ചത്.
19 കിലോ മീറ്റര്‍ അകലെയുള്ള കുന്നുമ്മക്കരയിലെ വീട്ടിലേക്ക് ഷബ്‌നയുടെ വീട്ടുകാരെത്തിയപ്പോള്‍ ഷബ്‌ന മുറിക്കകത്ത് കയറി വാതിലടച്ചിരിക്കുന്നതായാണു കണ്ടത്. ഷബ്‌നയുടെ പിതൃസഹോദരനും മറ്റും വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ഷബ്‌ന ജനലില്‍ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്ബ് ഷബ്‌ന മുറിയില്‍ കയറി വാതിലടച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷബ്‌നയുടെ വീട്ടുകാര്‍ പറയുന്നു. ഷബ്‌നയുടെ 10 വയസുകാരിയായ മകള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും മുറി തുറക്കാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് പറയുന്നു. കുട്ടി ഇക്കാര്യം പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. ഷബ്നയുടെ ഫോണില്‍നിന്നാണ് പുതിയ ദൃശ്യങ്ങള്‍ ലഭിച്ചത്. ഷബ്‌നയുമായി തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുതിയ വീഡീയോയിലുണ്ട്.സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഭര്‍ത്താവായ ഹബീബിന് വിദേശത്ത് കാണാന്‍ കഴിയുമെങ്കിലും പീഡനം തടയാന്‍ തയാറായില്ലെന്ന് ഷബ്‌നയുടെ വീട്ടുകാര്‍ പറഞ്ഞു. ഷബ്‌നയെ ഭര്‍തൃ വീട്ടുകാര്‍ കൊല്ലാക്കൊല ചെയ്യുകയായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി. ചൊവ്വാഴ്‌ച രാവിലെ തന്നെ വിദേശത്ത് നിന്ന് ഹബീബ് വീട്ടുലെത്തിയിരുന്നു. മൃതദേഹം യുവതിയുടെ വീട്ടിലെത്തിച്ചപ്പോള്‍ ഹബീബും അവിടെ എത്തിയിരുന്നു. ഹബീബിന്റെ വീട്ടില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഹബീബിന്റെ മാതൃ സഹോദരന്‍ താഴെ പുതിയോട്ടില്‍ ഹനീഫ (52) യെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഷബ്‌നയുടെ മരണത്തില്‍ കുന്നുമ്മക്കരയിലും അരൂര്‍, ആഞ്ചേരി മേഖലയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
