ബംഗളൂരു: കര്‍ണാടക ഹൈക്കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിനിടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് അശ്ലീല വിഡിയോ പ്രദര്‍ശനം.സംഭവം ശ്രദ്ധയില്‍പെട്ടതോടെ യൂ ട്യൂബ് ലൈവ് സ്ട്രീമിങ് നിര്‍ത്തിവെച്ചു. ഇതുസംബന്ധിച്ച് ഹൈക്കോടതി ഭരണവിഭാഗം ബംഗളൂരുവിലെ സൈബര്‍, ഇക്കണോമിക്, നാര്‍ക്കോട്ടിക് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാധാരമായ സംഭവം.ചൊവ്വാഴ്ച കോടതി നടപടികള്‍ ആരംഭിക്കെ, വീണ്ടും സമാനശ്രമം നടന്നതോടെ കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ് നിര്‍ത്തിവെക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പി.ബി. വരാലെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഹൈകോടതിയുടെ ബംഗളൂരു, ധാര്‍വാഡ്, കലബുറഗി ബെഞ്ചുകളുടെ ലൈവ് സ്ട്രീമിങ് നിര്‍ത്തിവെച്ചു. തിങ്കളാഴ്ച കോടതി നടപടികള്‍ പുരോഗമിക്കവെ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് ചിലര്‍ വിഡിയോ കോണ്‍ഫറൻസിങ് നെറ്റ്‍വര്‍ക്ക് ഹാക്ക് ചെയ്ത് സൂം മീറ്റിങ്ങില്‍ കടന്നുകൂടുകയായിരുന്നു.
ഈ സമയം ആറോളം കോടതി മുറികളില്‍ ഹരജികള്‍ പരിഗണിക്കുകയും ഇവയുടെ ലൈവ് സ്ട്രീമിങ് നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഹാക്ക് ചെയ്തവര്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ ലൈവ് സ്ട്രീമിങ് നിര്‍ത്തിവെച്ചു. വിഡിയോ കോണ്‍ഫറൻസും ലൈവ് സ്ട്രീമിങ്ങും നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് ആരും പരാതിയുമായി ഹൈകോടതി രജിസ്ട്രാറെ സമീപിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരെ അറിയിച്ചു.