മംഗളൂരു: നാല് ദിവസം മുമ്പ് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് കാണാതായതായി വിവരം. ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരമില്ല. ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട ക്രിസ്‌റ്റോറി എന്ന ബോട്ട് ആണ് കാണാതായത്. പുറം കടലിൽ വെച്ച് എഞ്ചിൻ തകരാറായതു കൊണ്ടായിരിക്കാം തിരിച്ചു വരാൻ പറ്റാത്തത് എന്നാണ് സംശയിക്കുന്നത്. അതേസമയം അറബിക്കടലിൽ ശക്തമായ കടൽക്ഷോഭം ഉണ്ടായതായും പറയുന്നു.
ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലെ ബെലിക്കേരിക്ക് സമീപമാണ് അവസാന ജിപിഎസ് സിഗ്നൽ രേഖപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാലു ദിവസമായി സിഗ്നൽ വിച്ഛേദിക്കപ്പെട്ടതിനാൽ കാണാതായ ബോട്ട് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തീരദേശ സേനയുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.







