ദേഹത്ത് കന്നാസ് കെട്ടി കടലില്‍ കുളി; 20 കുട്ടികള്‍ നടുക്കടലിലേയ്ക്ക് ഒഴുകിപ്പോയി; രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

കാസര്‍കോട്: അയ്യപ്പന്‍ തിരുവിളക്കുത്സവത്തിനു എത്തിയ കുട്ടികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ ഉള്‍ക്കടലിലേയ്ക്ക് ഒഴുകിപ്പോയി. സംഭവം കണ്ട മത്സ്യതൊഴിലാളികള്‍ നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലില്‍ മുഴുവന്‍ കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കാസര്‍കോട് കടപ്പുറത്താണ് സംഭവം. കടപ്പുറം അയ്യപ്പ ഭജന മന്ദിരത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്കുത്സവം കാണാന്‍ എത്തിയതായിരുന്നു മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 12, 13, 14 വയസ് പ്രായമുള്ള കുട്ടികള്‍. ഇവര്‍ തോണികളില്‍ സൂക്ഷിച്ചിരുന്ന കന്നാസുകള്‍ അരയില്‍ കെട്ടി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കരയോട് ചേര്‍ന്നുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ കാറ്റും കടലിന്റെ ഉള്‍വലിയലും ഉണ്ടായതോടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കുളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ ഉള്‍ക്കടലിലേയ്ക്ക് ഒഴുകിപോകുന്നതു കണ്ട മത്സ്യതൊഴിലാളികളായ ബാബു, പുഷ്പാകരന്‍, ചിത്രകാരന്‍, ഹരീശ എന്നിവര്‍ ഉടന്‍ തോണിയുമായി കടലില്‍ ഇറങ്ങുകയായിരുന്നു. സാഹസികമായാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.ഇതിനിടയില്‍ വിവരമറിഞ്ഞ് നിരവധിപേര്‍ കടപ്പുറത്തു എത്തിയിരുന്നു. തൊട്ടുപിന്നാലെ ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. ഭാഗ്യം കൊണ്ടാണ് കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്നും അല്ലെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനെയെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page