നാലിൽ മൂന്നിലും മുന്നേറ്റവുമായി ബിജെപി;മധ്യപ്രദേശിൽ തുടർ ഭരണം, രാജസ്ഥാനും ചത്തീസ്ഗഡും തിരിച്ചു പിടിച്ചു; കോൺഗ്രസ്സിന് ആശ്വസിക്കാൻ തെലങ്കാന മാത്രം ; സെമിയിലും കോൺഗ്രസ്സ് തോൽക്കുമ്പോൾ

വെബ്ബ് ഡെസ്ക്: 4 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ബിജെപിക്ക് വൻ മുന്നേറ്റം. രാജസ്ഥാനിൽ ബിജെപി അധികാരത്തിലേക്ക് തിരികെവരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 199 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബിജെപി ലീഡ് നില കേവല ഭൂരിപക്ഷത്തെ മറികടന്നു. കോൺഗ്രസ് ഭരണത്തുടർച്ച പ്രതീക്ഷിച്ച രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് ആഭ്യന്തര പോര് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ ബിജെപി, കോൺഗ്രസ് പാർട്ടികളെ മാറി മാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനത്തെ വോട്ടർമാരുടെ പൊതു സ്വഭാവം. ഈ സ്ഥിതിക്ക് ഇക്കുറിയും മാറ്റമുണ്ടായില്ല.

മദ്ധ്യപ്രദേശിൽ ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്ന വിലയിരുത്തലിനെ തൂത്തെറിഞ്ഞ് വീണ്ടും  ബിജെപി അധികാരത്തിലേക്ക്. 228 അംഗ നിയമസഭയിൽ 160 ൽ അധികം  മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുള കോൺഗ്രസിന്റെ ശ്രമങ്ങൾ വോട്ടർമാരിൽ ചലനമുണ്ടാക്കിയില്ലെനാണ് ലീഡ് നില സൂചിപ്പിക്കുന്നത്. എന്നാൽ  സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന് ഇനിയുമൊരു അവസരം  മുഖ്യമന്ത്രി സ്ഥാനത്ത് ലഭിക്കാൻ സാദ്ധ്യതയില്ല. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കേന്ദ്ര നേതൃത്വത്തിന് താത്‌പര്യം. ചത്തീസ്ഗഡ് കോൺഗ്രസ്സിൽ നിന്ന് ബിജെപി പിടിച്ചെടുക്കുമെന്ന സൂചനയും പുറത്ത് വരുന്നു.90 സീറ്റുകളിൽ 50 സീറ്റുകളിലാണ് ഇവിടെ ബി ജെ പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ്സിന് ആശ്വസിക്കാൻ കഴിയുന്നത് തെലങ്കാനയിൽ മാത്രമാണ്. 119 സീറ്റുകളിൽ 64 സീറ്റുകളിൽ ലീഡ് നേടാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലെ ഭരണ കക്ഷിയായ ബി ആർ എസിന് 43 ഇടത്ത് ലീഡുണ്ട്. 9 സീറ്റുകളിൽ ബിജെ പി യും മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page