പത്മകുമാറിന് അഞ്ചുകോടി കടം; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി ശാന്തകുമാരിയുടേത്; അനുപമയ്ക്കും കേസില്‍ പങ്കെന്ന് പൊലീസ്

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായെന്നും വളരെ ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍. ഒരു വര്‍ഷം മുന്‍പ് തന്നെ ആസുത്രണം തുടങ്ങിയിരുന്നു. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യത്തിന് പത്മകുമാര്‍ മുതിര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും എഡിജിപി പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് പത്മകുമാര്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. 5 കോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ പറയുന്നത്. പലരോടും പണം ചോദിച്ചെങ്കിലും ലഭിക്കാതിരുന്നതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ ആസുത്രണം ചെയ്തത്. അനിതാകുമാരിയുടെതാണ് തട്ടികൊണ്ടുപോകല്‍ ബുദ്ധിയെന്നും എഡിജിപി പറഞ്ഞു. ഫോണ്‍ ഉപയോഗിക്കാതെ സമര്‍ത്ഥമായാണ് പ്രതികള്‍ നീക്കം നടത്തിയത്. തട്ടിയെടുത്ത ശേഷം കുട്ടിക്ക് ഗുളിക നല്‍കുകയായിരുന്നു. സംഭവം വാര്‍ത്താചാനലുകളിലടക്കം പരന്നതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലിങ്ക് റോഡില്‍ നിന്ന് ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയില്‍ എത്തിച്ചത് അനിതാകുമാരിയാണ്. കോളേജ് കുട്ടികള്‍ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായത്. ഈ സംഭവത്തില്‍ കുട്ടിയുടെ ചേട്ടനാണ് യഥാര്‍ത്ഥ ഹീറോ. കുട്ടിയില്‍ നിന്ന് പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയെ തട്ടിയെടുത്തതിന് ശേഷം കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. സാധാരണ പൗരന്‍മാര്‍ നല്‍കിയ വിവരവും കേസില്‍ നിര്‍ണായകമായെന്നും പൊലീസ്. അതേസമയം പത്മകുമാറിന് തട്ടികൊണ്ടുപോയ ആറു വയസുകാരിയുടെ അച്ഛന്‍ റെജിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വലിയ സമ്മര്‍ദ്ദം ഉണ്ടായ കേസാണിതെന്നും പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചുകിട്ടുകയായിരുന്നു. ആദ്യ ദിനം തന്നെ സംഭവത്തെക്കുറിച്ച് സുപ്രധാന സൂചന കിട്ടി. പ്രതികള്‍ കൊല്ലം ജില്ലക്കാര്‍ തന്നെ മനസ്സിലാക്കി. 96 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ കഴിഞ്ഞെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page