അയല്‍വാസിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു, തിരിച്ചുവന്ന് വീട് തുറന്ന് മാല മോഷ്ടിച്ചു, ലോട്ടറി കിട്ടിയെന്ന് പ്രചരിപ്പിച്ച് സുഹൃത്തുക്കള്‍ക്ക് മദ്യവിരുന്ന്; ആഘോഷം അതിരുകടന്നത് വിനയായി, പ്രതിയെ പൊലീസ് കയ്യോടെ പൊക്കി

പത്തനംതിട്ട: അയല്‍വാസിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തി സ്വര്‍ണമാലയുമായി കടന്ന യുവാവ് അറസ്റ്റില്‍. മേലുത്തേമുക്ക് പൂപ്പന്‍കാല ദീപുസദനം ദീപുവിനെയാണ് (38) ഇലവുംതിട്ട പൊലീസ് അറസ്റ്റ്ചെയ്തത്. മേലുത്തേമുക്ക് അജിഭവനില്‍ കലാ ഭാസ്‌കറിന്റെ പരാതിയിലാണ് കേസെടുത്തത്. ശനിയാഴ്ച കലയുടെ സഹോദരീ ഭര്‍ത്താവ് ജ്ഞാനദാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായത്തിന് ദീപുവിനെ വിളിച്ചിരുന്നു. ഈ സമയം ജ്ഞാനദാസ് തന്റെ 2.5 പവന്‍ സ്വര്‍ണമാല ഊരി കട്ടിലിന്റെ പടിയില്‍ വെച്ചു. ഇത് ദീപു ശ്രദ്ധിച്ചിരുന്നു. ആശുപത്രിയില്‍ പരിശോധനക്ക് ശേഷം തിരികെ വന്ന ദീപു കാറിന്റെ താക്കോല്‍ നല്‍കാന്‍ വീട്ടിനകത്തു കയറി. പിന്നെ മാല മോഷ്ടിച്ച് തിരിച്ചുപോയി. ഞായറാഴ്ചയാണ് മാലയൂരി കട്ടിലില്‍ വെച്ചകാര്യം ജ്ഞാനദാസ് ബന്ധുക്കളോട് പറഞ്ഞത്. അവര്‍ വീട്ടില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് തനിക്ക് ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് ദീപു നാട്ടില്‍ സുഹൃത്തുക്കളുമായി ആഘോഷം തുടങ്ങിയത്. ആഘോഷം അതിരു കടന്നതോടെ ബഹളത്തെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. സംശയം തോന്നിയാണ് പോലീസ് ദീപുവിനെ ചോദ്യം ചെയ്തത്. മദ്യലഹരിയിലായതിനാല്‍ സത്യം പൊലീസിനോട് പറഞ്ഞു. മാല പത്തനംതിട്ടയിലെ ജൂവലറിയില്‍ 1.27 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ജ്വല്ലറിയില്‍ എത്തിച്ച് മാല വീണ്ടെടുത്തു. സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തതിന്റെ ബാക്കി 96,000 രൂപ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്‍, എസ്.ഐ.മാരായ അനില്‍, വിനോദ്, സി.പി.ഒ.മാരായ രാജേഷ്, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page