ചൈനയിൽ കുട്ടികളിലെ ന്യൂമോണിയ വ്യാപനം; ആരോഗ്യ മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ; മാസ്ക് ഉപയോഗിക്കാൻ ഉൾപ്പെടെ നിർദ്ദേശം

വെബ്ബ് ഡെസ്ക്: ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് കർണാടക സർക്കാരിന്റെ ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ ഉത്തരവിട്ടു.

പൊതുജനാരോഗ്യം, ആശുപത്രികളുടെ പ്രവര്‍ത്തനം, തയ്യാറെടുപ്പ്, മറ്റ് നടപടികളെല്ലാം ഉടൻ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ഉപദേശം നൽകിയതിന് പിന്നാലെയാണ് നടപടി. ഇൻഫ്ലുവൻസ വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധാരണയായി ഇൻഫ്ലുവൻസ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ഒരു പകർച്ചവ്യാധിയാണ്, ഇത് മൂലമുള്ള മരണനിരക്ക് വളരെ കുറവാണ്. എന്നിരുന്നാലും, ശിശുക്കൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർക്കും ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു.

പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ഓക്കാനം, തുമ്മൽ, ഉയർന്ന അപകടസാധ്യതയുള്ളവരില്‍ മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങൾ.

ഏതെങ്കിലും തരത്തിലുള്ള അണുബാധ ഒഴിവാക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും മുന്നറിയിപ്പിലുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക, ഇടയ്ക്കിടെ കൈ കഴുകുക, മുഖത്ത് അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page