കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കാണാതായ 6 വയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ആണ് അബിഗേൽ സാറയെ കണ്ടെത്തിയത്.കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് പൊലീസ് എത്തി കുട്ടിക്ക് ബിസ്കറ്റും വെള്ളവും കൊടുത്ത ശേഷം കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തട്ടികൊണ്ട് പോയി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഏറ്റെടുത്ത് പൊലീസ് സേനാംഗങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.രക്ഷിതാക്കൾ എത്തിയ ശേഷം കുട്ടിയെ വിട്ടുകൊടുക്കും. തട്ടികൊണ്ട് പോയവർക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. കുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞതിന്‍റെ ആശ്വസത്തിലാണ് നാട്.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് സേനാംഗങ്ങൾ അറിയിച്ചു.കുട്ടിയുടെ രക്ഷിതാക്കൾ എത്തിയ ശേഷം എവിടെയാണ് കൊണ്ട് പോയത് , തട്ടികൊണ്ട് പോയവർ എത്ര പേരുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ ചോദിച്ച് മനസിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഉച്ചക്ക് 1.15 ഓടെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടത് എന്നാണ് പുറത്ത് വരുന്ന വിവരം.കുട്ടിയെ കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി കോളേജ് വിദ്യാർത്ഥികൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പിന്നീട് ഈ സ്ത്രീയെ കണ്ടില്ല. കുട്ടിയുടെ ചിത്രങ്ങൾ കണ്ട് മനസിലാക്കിയ നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നരയോടെ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടിയെ വൈദ്യ പരിശോധന നടത്തി. പ്രാഥമികമായി കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. കുട്ടിയെ കണ്ടെത്തിയതിന്‍റെ സന്തോഷം വീട്ടുകാർ പ്രകടിപ്പിച്ചു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുന്നതായും കുടുംബം വ്യക്തമാക്കി.അബിഗേൽ സാറ നിലവിൽ കൊല്ലം എ.ആർ ക്യാംപിൽ ആണ് ഉള്ളത്. ഇതിനിടെ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിക്കാനും അഭിഗേലിന് കഴിഞ്ഞു.ഇന്നലെ വൈകുന്നേരം സഹോദരന് ഒപ്പം ട്യൂഷന് പോകുമ്പോഴാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്.