ശർക്കര ഫാക്ടറിയിൽ സ്കാനിംഗ് സെൻ്റർ; മൂന്ന് വർഷത്തിനിടെ 900 നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ; കർണാടകയില്‍ ഡോക്ടറും സഹായിയും അറസ്റ്റിൽ

ബംഗളൂരു:കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഒരു ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും ബെംഗളൂരു പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

മൈസൂരിലെ ആശുപത്രിയിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഏകദേശം 30,000 രൂപ വീതം ഡോ. ​​ചന്ദൻ ബല്ലാലും അദ്ദേഹത്തിന്റെ ലാബ് ടെക്‌നീഷ്യൻ നിസാറും ഈടാക്കിയിരുന്നു.
ആശുപത്രി മാനേജർ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെ ഈ മാസം ആദ്യം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം മൈസൂരുവിനടുത്ത് മാണ്ഡ്യയിൽ വച്ച് ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ മറ്റ് രണ്ട് പ്രതികളായ ശിവലിംഗ ഗൗഡയും നയൻകുമാറും അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

മാണ്ഡ്യയിൽ ശർക്കര ഉല്പാദിപ്പിക്കുന്ന യൂണിറ്റാണ് പ്രതികൾ അൾട്രാസൗണ്ട് സ്‌കാൻ സെന്ററായി ഉപയോഗിച്ചിരുന്നത്. അവിടെ നിന്ന് പോലീസ് സംഘം പിന്നീട് സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാത്ത സ്കാൻ മെഷീൻ പിടിച്ചെടുത്തു.

റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടാൻ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page