കൊച്ചി: കൊച്ചി കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് മരണത്തിനിടയാക്കിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി.ബോളിവുഡ് ഗായികയായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റില്‍ അപകടമുണ്ടാകുന്നത്.
കൊച്ചിയിലുണ്ടായ അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.- നികിത ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കില്‍ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ നാല് പേര്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.ഇവരുടെ ആന്തരാവയങ്ങൾക്ക് അടക്കം സാരമായ പരിക്കേറ്റിട്ടുണ്ട്.