കൊച്ചി:ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.രണ്ട് പേരുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. മരിച്ചവരില്‍ മൂന്നു പേര്‍ കുസാറ്റ് വിദ്യാര്‍ത്ഥികളും ഒരാള്‍ പുറത്തുനിന്നുള്ള ആളുമാണ്.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാവിലെ 9 മണിയോടെ കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വടക്കൻ പറവൂര്‍ സ്വദേശിയും ECE രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ആൻ റുഫ്ത, സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും കൂത്താട്ടുകുളം സ്വദേശിയുമായ അതുല്‍ തമ്ബി, താമരശേരി സ്വദേശിയും സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സാറ തോമസ്, പാലക്കാട് സ്വദേശി ആല്‍ബിൻ തോമസ് എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. 46 പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവിടെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ അപകടനില തരണം ചെയ്തു. ഗുരുതര പരിക്കുള്ള രണ്ടു പേരെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ നിസ്സാരപരിക്കുകളോടെ വാര്‍ഡില്‍ ചികിത്സയിലാണ്.
15 കുട്ടികള്‍ കിൻഡര്‍ ആശുപത്രിയിലും ഒരു കുട്ടി സണ്‍റൈസ് ആശുപത്രിയിലും ചികിത്സയിലാണ്. കിൻഡര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ ഇന്നലെ രാത്രിയോടെ ഡിസ്ചാര്‍ജ് ആയി. സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ പരിക്കും ഗുരുതരമല്ല.