ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം സങ്കീർണം; തൊഴിലാളികൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ ഫോൺ സജ്ജമാക്കി; കുത്തനെ ഡ്രില്ലിംഗ് നടത്തി രക്ഷാ പ്രവർത്തനം നടത്താൻ അധികൃതർ


ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം പിന്നിടുമ്പോൾ  രക്ഷാദൗത്യം വീണ്ടും സങ്കീര്‍ണമാകുന്നു.വെള്ളിയാഴ്ച വൈകിട്ട് ഓഗര്‍ മെഷീൻ പൂര്‍ണമായും തകര്‍ന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തില്‍ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചു. ബദല്‍ പദ്ധതിയായി ഇന്ന് മലമുകളില്‍ നിന്ന് കുത്തനെയുള്ള ഡ്രില്ലിംഗ് തുടങ്ങും.ദൗത്യം 24 മണിക്കൂറിലേറെയായി പൂര്‍ണമായും സ്തംഭിച്ചിരിക്കയാണ്. കുടുങ്ങിയവരെ പുറത്തെത്തിക്കുന്നത് ഇനിയും വൈകും. ഓഗര്‍ മെഷീൻ റിപ്പെയര്‍ ചെയ്യാനാവാത്ത വിധം തകര്‍ന്നതായി തുരങ്ക വിദഗദ്ധൻ ആര്‍നോള്‍ഡ് ഡിക്സ് അറിയിച്ചു.മെഷീനിന്റെ ബ്ലേഡ് മുറിക്കാൻ ഹൈദരാബാദില്‍ നിന്ന് പ്ലാ‌സ്‌മ കട്ടര്‍ എത്തിച്ചു. അതിനും ഇരുമ്ബു ഗര്‍ഡറുകളും കുഴലുകളും കമ്ബികളും തടസമായേക്കും. മെഷീൻ പുറത്തെടുക്കാനുള്ള മറ്റ് യന്ത്രസാമഗ്രികള്‍ വ്യോമസേനാ വിമാനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചിട്ടുണ്ട്.
ഇതുവരെ 47 മീറ്റര്‍ തുരന്നു. ഇനി 10 – 15 മീറ്ററെങ്കിലും തുരന്നാലേ തൊഴിലാളികളുടെ അടുത്ത് എത്താനാവൂ. ശേഷിക്കുന്ന ഭാഗം വിദഗ്ദ്ധരെ ഇറക്കി മാനുവല്‍ ഡ്രില്ലിംഗ് നടത്താനാണ് ആലോചന. ഓഗര്‍ മെഷീൻ ഇന്ന് രാവിലെയോടെ പുറത്തെടുത്ത ശേഷമേ മാനുവല്‍ ഡ്രില്ലിംഗ് തുടങ്ങാനാവൂ.

മലമുകളില്‍ നിന്ന് ടണലിലേക്ക് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ടണല്‍ വിദഗ്ദ്ധൻ ആര്‍നോള്‍ഡ് ഡിക്‌സ് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി മലമുകളിലേക്ക് റോഡും തയ്യാറാക്കിയിരുന്നു. 86 മീറ്റര്‍ കുത്തനെ തുരക്കണം. ഇത് 48 മണിക്കൂറിനുള്ളില്‍ ആരംഭിച്ചേക്കും. ഇതിനുള്ള റിഗ് മെഷീൻ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ (ബി.ആര്‍. ഒ) മലമുകളിലെത്തിച്ചു. അത് ഉറപ്പിക്കുന്ന ജോലികള്‍ തുടങ്ങി. സത്‌ലജ് ജല്‍ വിദ്യുത് നിഗമിന്റെ 12 അംഗ വിദഗ്ദ്ധ സംഘം വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് എപ്പോള്‍ തുടങ്ങാനും സജ്ജമാണ്.
അതിനിടെ രക്ഷാപൈപ്പില്‍ കയറി ഇരുമ്പ് ഭാഗങ്ങളും അവശിഷ്ടങ്ങളും നീക്കാൻ ട്രെഞ്ച്ലെസ് എന്ന സ്വകാര്യ കമ്പനിയിലെ വിദഗദ്ധര്‍ ഇന്നലെ എത്തിയിട്ടുണ്ട്.സ്ഥിതി വിലയിരുത്തിയ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി,തൊഴിലാളികളെ രക്ഷപ്പെടുത്താൻ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം വലിയ വെല്ലുവിളിയാണെന്നും പറഞ്ഞു. തൊഴിലാളികൾക്ക് വീട്ടിലേക്ക് വിളിക്കാൻ ഫോൺ സൗകര്യം ഏർപ്പെടുത്തി.ബി.എസ്.എൻ.എലിൻ്റെ സഹായത്തോടെയാണ് ഫോൺ സൗകര്യം ഏർപ്പെടുത്തിയത്.ഇതിനായി ഒരു താത്കാലിക ടെലഫോൺ എക്സ്ചേഞ്ച് സജ്ജമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page