കാസര്‍കോട്: കളത്തൂര്‍-കിദൂര്‍-ജോഡുകട്ടെ ടെമ്പിള്‍ റോഡിലൂടെ നടന്നുപോകുന്നവര്‍ക്ക് നേരെ ചാത്തനേറു പതിവായിരിക്കുകയുമാണെന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും. 500 മീറ്റര്‍ റോഡ് കരാറുകാരന്‍ ടാര്‍ ചെയ്യാത്തതിനാല്‍ യാത്ര ദുസഹമായിരിക്കുകയാണ്. 500 മീറ്റര്‍ ആണ് റീ ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. റോഡ് ഉണ്ടാക്കിയ കാലത്ത് നടത്തിയ ടാറിംഗ് തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു റീ ടാറിങിനു അനുമതി നല്‍കിയതെന്നു പറയുന്നു. കരാര്‍ കിട്ടിയുടനെ കരാറുകാരന്‍ എടുപടിയെന്ന് അതേ 500 മീറ്ററിലെ പഴയ റോഡിന്റെ അവശിഷ്ടങ്ങള്‍ ജെ.സി.ബി കൊണ്ട് ഇളക്കി മറിച്ചിട്ടു. ജെല്ലി കൊണ്ടു വന്ന് ആ സ്ഥലത്ത് നിരത്തി വീണ്ടും റോളര്‍ ഓടിച്ചു. അതോടെ പണി നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേ റോഡിലൂടെ ബസ്സും മറ്റു വാഹനങ്ങളും ഓടി തുടങ്ങിയപ്പോള്‍ ജെല്ലി പലവഴിക്കായി. വാഹനങ്ങള്‍ പോവുമ്പോള്‍ സൈഡിലൂടെ നടന്നു പോവുന്നവര്‍ക്കു നേരെ ജെല്ലികള്‍ തെറിക്കുന്നതായാണ് പരാതി. ഇതിനെ ചാത്തനേറായി വ്യാജപ്രചരണം അഴിച്ചുവിട്ടതോടെ വഴിയാത്രക്കാര്‍ ഈ വഴിയെത്തിയാല്‍ ഇപ്പോള്‍ ഓടിപ്പോകാറാണ് പതിവ്. എന്തായാലും വികസനം ഇത്തരത്തിലാവരുതെന്നാണ് നാട്ടുകാര്‍ക്ക് പഞ്ചായത്ത് അധികൃതരോട് പറയാനുള്ളത്.
