ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി മൊബൈൽ സിം കാർഡുകൾ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് റിപ്പോര്‍ട്ട്. ഇനി മുതല്‍ സിം വാങ്ങാനും വില്‍ക്കാനും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരും. ഒക്ടോബര്‍ 1 മുതല്‍ ഈ നിയമം നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ രണ്ട് മാസത്തേക്ക് മാറ്റിവച്ചു. പുതിയ സിം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വില്‍ക്കാൻ ഉദ്ദേശിക്കുന്നവരും പുതിയ നിയമങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം നിയമം തെറ്റിച്ചാല്‍ 10 ലക്ഷം വരെ പിഴയും അല്ലെങ്കില്‍ തടവും അനുഭവിക്കേണ്ടിവരും. വ്യാജ സിം കാർഡുകൾ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നടക്കുന്ന തട്ടിപ്പുകളില്‍ ഭൂരിഭാഗവും വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. സിം കാര്‍ഡ് വളരെ എളുപ്പത്തില്‍ ആര്‍ക്കും കിട്ടും എന്നത് ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ആക്കം കൂട്ടുന്നു എന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇത് കണക്കിലെടുത്താണ് ടെലികോം രംഗത്ത് ശുദ്ധീകരണ നടപടികള്‍ക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്.രാജ്യത്ത് ഏതാണ്ട് 10 ലക്ഷം സിം ഡീലര്‍മാര്‍ ഉണ്ടെന്നും അവര്‍ക്ക് പൊലീസ് വെരിഫിക്കേഷന് മതിയായ സമയം നല്‍കുമെന്നും പുതിയ നിമയം സംബന്ധിച്ച് വിശദീകരിക്കവേ ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു