കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച കടലില്‍ വീണുകാണാതായ അന്യസംസ്ഥാന മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒറീസ സ്വദേശിയും വെസ്റ്റ് ബംഗാളില്‍ താമസക്കാരനുമായ ജയദേവ് ഗിരിയാ(54)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പെട്ട ഹോസ്ദുര്‍ഗ് മീനാപ്പീസ് കടപ്പുറത്തിന് രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറുമാറി കടലിലാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം കൊയാമ്പുറത്തെ ടി.കെ.രാജീവന്റെ അര്‍മാന്‍ എന്ന ബോട്ടിലെ താല്‍ക്കാലിക തൊഴിലാളിയാണ് ജയദേവ് ഗിരി. മൂന്നുദിവസം മുമ്പാണ് ഇയാള്‍ ബോട്ടില്‍ ജോലിക്കെത്തിയത്. അഞ്ചു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് മറ്റുള്ളവര്‍ വിശ്രമിക്കുന്നതിനിടയില്‍ വയറ്റില്‍ അസ്വസ്ഥ അനുഭവപ്പെട്ട ജയദേവ് ഗിരി ശുചിമുറിയിലേക്ക് പോയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അന്വേഷിച്ചപ്പോഴാണ് ജയദേവന്‍ കടലില്‍ വീണതായി മനസിലായത്. വിവരത്തെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസും ഫിഷറീസ് റെസ്‌ക്യൂ ബോട്ടുംമറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി പരിശോധന നടത്തിവരികയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകും.