വാഹന അപകടത്തില്‍ പരുക്കേറ്റ 17 കാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു, അനസ്‌തേഷ്യ നല്‍കിയതിലുള്ള അപാകത മൂലമാണ് മരിച്ചതെന്ന് ബന്ധുക്കള്‍, ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ

വാഹന അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17കാരന്‍ ശസ്ത്രക്രിയക്കിടേ മരിച്ചു. മംഗളൂരു നഗരത്തിന് സമീപം മുക്കയിലെ ഹസന്‍ ബാവയുടെ മകന്‍ മൊയ്തീന്‍ ഫര്‍ഹാനാണ് മരിച്ചത്. പരുക്കല്ല, അനസ്‌തേഷ്യ നല്‍കിയതിലെ അപാകമാണ് മരണകാരണമെന്ന് ആരോപണം. ഇതേ തുടര്‍ന്ന് സൂറത്കലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വീട്ടുകാരും നാട്ടുകാരും തടിച്ചുകൂടി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് മുക്കയിലുണ്ടായ അപകടത്തില്‍ ഫര്‍ഹാന് പരുക്കേറ്റത്. ഉടനെ സൂറത്കലിലെ അതാവര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് ശസ്ത്രക്രിയയും നടത്തി. എന്നാല്‍ ഉച്ചയായിട്ടും ബോധം തെളിഞ്ഞില്ലെന്നും തുടര്‍ന്ന് മരണം സംഭവിച്ചു എന്നും ബന്ധുക്കള്‍ സൂറത്കല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സൂറത്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.തിമ്മയ്യയും സംഘവും സംഭവസ്ഥലത്തെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി. കേസ് അന്വേഷിക്കാന്‍ സ്വകാര്യ പ്രാക്ടീഷണര്‍മാര്‍ ഉള്‍പ്പെടെ എട്ട് വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം രൂപീകരിക്കുമെന്ന് ഡോ.തിമ്മയ്യ പ്രഖ്യാപിച്ചു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page