കാസര്‍കോട്: മതിലിടിഞ്ഞു വീണു മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശങ്ങളിലേയ്‌ക്കു കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം കാസര്‍കോട്, മത്സ്യമാര്‍ക്കറ്റിനു സമീപം ഫിര്‍ദൗസ് റോഡിലാണ് അപകടം ഉണ്ടായത്. കര്‍ണ്ണാടക, കൊപ്പള, കൂക്കണൂര്‍, സിങ്കാപുരത്തെ പരേതരായ രാമപ്പ-സത്യമ്മ ദമ്പതികളുടെ മകന്‍ ലക്ഷ്‌മപ്പ(50), വിജയനഗര്‍, അഗനിബമ്മ ഹള്ളി, ചൂര്‍ഹേരിയിലെ കൊട്ടറയ്യ-രത്‌നമ്മ ദമ്പതികളുടെ മകന്‍ ബസവയ്യ (39) എന്നിവരാണ് മരിച്ചത്. മതിലിനോട് ചേര്‍ന്ന് പൈപ്പിടുന്നതിനു മണ്ണു നീക്കുന്നതിനിടയിലാണ് അപകടം. 12 മീറ്റര്‍ നീളവും രണ്ടര മീറ്ററോളം ഉയരവുമുള്ള മതില്‍ മുഴുവനായി ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ഇതിനിടയിലാണ് ഇരുവരും കല്ലിനടിയില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഇരുവരെയും പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നു വര്‍ഷമായി നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കൂലിപ്പണിയെടുത്തു വരികയായിരുന്നു ഇവര്‍. അപകട വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ഇന്നു രാവിലെയാണ് കാസര്‍കോട്ടെത്തിയത്. രേണുകമ്മയാണ് ലക്ഷ്‌മപ്പയുടെ ഭാര്യ. മക്കള്‍: സത്യമ്മ, സംഗീത, അഭി. സഹോദരങ്ങള്‍: ഹനുമന്തപ്പ, ലക്ഷ്‌മൗവ്വ. രേഖയാണ് ബസവയ്യയുടെ ഭാര്യ. മക്കള്‍: വിനയ, രൂപ. സഹോദരങ്ങള്‍: ഷണ്‍മുഖയ്യ, ഭാഗ്യമ്മ. തൊഴിലാളികളുടെ മരണം സംബന്ധിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു