പി വത്സല അന്തരിച്ചു

കോഴിക്കോട്:പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഭർത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ മകൾ എം.എ.മിനിയുടെ വീട്ടിലായിരുന്നു താമസം. മകൻ അരുൺ മാറോളി ന്യൂയോർക്കിൽ ജോലി ചെയ്യുകയാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ പുരസ്കാരങ്ങൾ പി വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്.കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തി​ൻ്റെ ലോകത്ത്  ശ്രദ്ധേയയായത്. ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി, തകർച്ച എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു

1938 ഏപ്രിൽ 4 ന് വെള്ളിമാട്കുന്നിൽ ആയിരുന്നു ജനനം. കാഞ്ഞിരത്തിങ്കൽ എൽപി നടക്കാവ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം. അധ്യാപന കാലത്താണ് അപ്പുക്കുട്ടിയെ പരിചയപ്പെടുന്നത്. വിവാഹശേഷം ദമ്പതികൾ വയനാട്ടിലേക്ക് താമസം മാറ്റി. തിരുനെല്ലിയിൽ താമസിച്ചപ്പോഴാണ് ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന നിരൂപക പ്രശംസ നേടിയ ‘നെല്ല്’ എന്ന കൃതിയുടെ പിറവി. ഇതിൻ്റെപശ്ചാത്തലം പൂർണ്ണമായും തിരുനെല്ലി ആയിരുന്നു. പിന്നീട് രാമു കാര്യാട്ട് ‘നെല്ല്’ സിനിമയാക്കിയപ്പോൾ വത്സല തിരക്കഥയെഴുതി.

അധ്യാപികയായി ജോലി നോക്കിയിരുന്ന പി വത്സല വിരമിച്ച ശേഷവും എഴുത്തിൽ സജീവമായി. മറവി രോഗത്തെ തുടർന്ന് മൂന്ന് വർഷമായി പൊതു ഇടങ്ങളിൽ സജീവമായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page