ഇടവിട്ടുള്ള അധ്യാപകരുടെ സ്ഥലമാറ്റം വിദ്യാഭ്യാസത്തെ ബാധിക്കുന്നു; മുഖ്യമന്ത്രിക്ക്‌ പരാതിയുമായി പ്ലസ്‌ടു വിദ്യാര്‍ത്ഥിനി

കാസർകോട്‌: അധ്യാപകരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം പഠനത്തെ ബാധിക്കുന്നെന്നു വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി.നവകേരള സദസ്സില്‍ നേരിട്ടെത്തി ഹൊസ്‌ദുര്‍ഗ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു സയന്‍സ്‌ വിദ്യാര്‍ഥിനിയായ പി.വി.റിയാരാജാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപകരെ ഒരു അധ്യയന വര്‍ഷമെങ്കിലും ഒരേ സ്‌കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നും, ഇടയ്‌ക്കിടെയുള്ള സ്ഥലംമാറ്റം  വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പഠിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ സ്ഥലം മാറിപ്പോയ അധ്യാപകരെ ഫോണ്‍ ചെയ്‌ത്‌ ചോദിക്കേണ്ട അവസ്ഥപോലും ചില സാഹചര്യങ്ങളില്‍ ഉണ്ടാകാറുണ്ടെന്നും ,അടുത്ത അധ്യയന വര്‍ഷമെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും റിയ ചൂണ്ടിക്കാട്ടി.കഴിഞ്ഞവര്‍ഷം കെമിസ്‌ട്രി, ഇംഗ്ലീഷ്‌, ബോട്ടണി, ഹിന്ദി എന്നീ അധ്യാപകര്‍ സ്ഥലം മാറി പോയിരുന്നു. ഇത്‌ തങ്ങളുടെ പഠനത്തെ ബുദ്ധിമുട്ടിലാക്കിയതായും വിദ്യാര്‍ത്ഥിനിയുടെ നിവേദനത്തിലുണ്ട്. ദിവസവേതനത്തിന്‌ അധ്യാപകര്‍ പഠിപ്പിക്കാനെത്തുന്നുണ്ടെങ്കിലും അധ്യാപകരുമായി പൊരുത്തപ്പെട്ടുവരുമ്പോഴേക്കും അവരും മാറിപോകുന്ന സാഹചര്യമാണുള്ളത്‌. ഇത്‌ പഠനത്തേയും പൊതുപരീക്ഷയേയും കാര്യമായി ബാധിക്കുന്നതായിയും സ്‌കൂളില്‍ സ്ഥിരമായി അധ്യാപകരെ നിലനിര്‍ത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും റിയ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page