Monday, December 4, 2023
Latest:

കേരള ഫിഷറീസ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റൽ ശുചിമുറിയില്‍ ഒളിക്യാമറ ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍


കൊച്ചി:കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍. കുഫോസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ ശുചിമുറിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട പെണ്‍കുട്ടി ബഹളം വെച്ചതോടെ ഒളിച്ചു നിന്നയാള്‍ ഫോണുമായി ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച്‌ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഹോസ്റ്റലില്‍ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. 157 കുട്ടികളുള്ള ഹോസ്റ്റലില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്. സിസിടിവികള്‍ കാലങ്ങളായി പ്രവര്‍ത്തന രഹിതം. ഹോസ്റ്റല്‍ പരിസരമാകട്ടെ കാട് മൂടിയ അവസ്ഥയിലും. രാത്രിയില്‍ വേണ്ടത്ര വെളിച്ചം പോലുമില്ല.
ഇതാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ പഠിപ്പ് മുടക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് കടക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page