സിപിഐ നേതാവും മുൻ കരുനാഗപ്പള്ളി എംഎൽഎയുമായിരുന്ന ആർ രാമചന്ദ്രൻ അന്തരിച്ചു
കൊച്ചി: കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ദീർഘകാലം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും, താലൂക്ക് കമ്മിറ്റി വിഭജിച്ചപ്പോൾ ചവറ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. ദീർഘകാലം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. 2012 -ൽ ജില്ലാ സെക്രട്ടറിയായി. അതോടൊപ്പം സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ നിയമസഭയിലേക്ക് മത്സരിക്കുന്നതുവരെ ജില്ലാ സെക്രട്ടറിയായി തുടർന്നു. എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചു. 2006 -11 കാലയളവിൽ സിഡ്കോ ചെയർമാനായിരുന്നു. 1991-ൽ ജില്ലാ കൗൺസിലിലേക്ക് പന്മന ഡിവിഷനിൽനിന്ന് വിജയിച്ചു. 2000-ൽ തൊടിയൂർ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലെത്തി. 2004-ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.സംസ്കാരം ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും.
ഭാര്യ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് അക്കൗണ്ടന്റായി വിരമിച്ച പ്രിയദർശിനി. മകൾ: ദീപാചന്ദ്രൻ. മരുമകൻ: അനിൽ കുമാർ.