മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്സ് ; പ്രതിഷേധിച്ചവരെ വളഞ്ഞിട്ട് മർദ്ദിച്ച് സിപിഎം – ഡി.വൈ എഫ് ഐ പ്രവർത്തകരും പൊലീസുംകണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്  നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂര മർദ്ദനം അഴിച്ചു വിട്ടു.  കണ്ണൂർ പഴയങ്ങാടിയിൽ ആണ് അക്രമം നടന്നത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു.കരിങ്കൊടി വീശി പ്രതിഷേധിച്ച ഒരു കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ എഴ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page