വീട്ടുപറമ്പിലെത്തിയത്  4 മീറ്റർ നീളമുള്ള  കൂറ്റന്‍ രാജവെമ്പാല; മണിക്കൂറുകൾക്കെടുവിൽ പിടികൂടി കാടുകയറ്റി

കാസർകോട്: വീട്ടുപറമ്പിലെത്തിയ നാലു മീറ്റര്‍ നീളമുള്ള രാജവെമ്പാലയെ പിടികൂടി. എളേരിത്തട്ട്‌, കടുപ്പില്‍ സാബുവിന്റെ വീട്ടുപറമ്പില്‍ നിന്നു ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ്‌ പാമ്പിനെ പിടികൂടിയത്‌. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ ഭീമനടി സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ കെ.എന്‍.ലക്ഷ്‌മണന്റെ നിര്‍ദ്ദേശ പ്രകാരം എത്തിയ വനം വകുപ്പിന്റെ റെസ്‌ക്യൂ വളൻ്റിയർമാരായ സുനില്‍ സുരേന്ദ്രന്‍ കോട്ടപ്പാറ, കെ.ഗൗതം മുരളി മട്ടലായി, ഹരികൃഷ്‌ണന്‍ എന്‍.എസ്‌.സന്ദീപ്‌ എന്നിവരാണ്‌ രാജവെമ്പാലയെ പിടികൂടിയത്‌. പാമ്പിനെ പിന്നീട്‌ വനത്തിനകത്തു വിട്ടതായി അധികൃതര്‍ പറഞ്ഞു. സാധാരണ ഗതിയില്‍ വനത്തിനകത്തു വരള്‍ച്ചയും ചൂടും കടുക്കുമ്പോഴാണ്‌ രാജവെമ്പാലകള്‍ നാട്ടിലിറങ്ങിയിരുന്നത്‌. എന്നാല്‍ ശക്തമായ തുലാമഴ തുടരുമ്പോള്‍ തന്നെ രാജവെമ്പാല നാട്ടിലിറങ്ങിയത്‌ ഭീതിക്കിടയാക്കിയിട്ടുണ്ട്‌. മഴ തുടരുമ്പോഴും അനുഭവപ്പെടുന്ന കടുത്ത ചൂടാണ്‌ രാജവെമ്പാലകള്‍ ഇറങ്ങാന്‍ ഇടയാക്കുന്നതെന്നാണ്‌  വിദഗ്‌ദ്ധര്‍ പറയുന്നത്‌. പാമ്പുകള്‍ ഇണചേരുന്ന സമയമായതും രാജവെമ്പാലകള്‍ പുറത്തിറങ്ങാന്‍ കാരണമെന്ന്‌ പാമ്പു പിടുത്ത വിദഗ്‌ദ്ധന്‍ കെ.ടി.എസ്‌ പനയാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page