ധൂം സിനിമയുടെ സംവിധായകൻ സഞ്ജയ് ഗാഡ് വി അന്തരിച്ചു
വെബ് ഡെസ്ക്: പ്രശസ്ത സംവിധായകൻ സഞ്ജയ് ഗാഡ്‌വി അന്തരിച്ചു. 56 വയസായിരുന്നു. ഇന്നു രാവിലെ പ്രഭാതസവാരിയ്ക്കായി ഇറങ്ങിയ സഞ്ജയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും പ്രധാനവേഷത്തിലെത്തിയ ധൂം, ധൂം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തിരക്കേറിയ സംവിധായകനായി മാറിയ ആളാണ് സഞ്ജയ്.
ഭാര്യ ജിനയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം മുംബൈയിലായിരുന്നു താമസം. നവംബര്‍ 22-ന് 57-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സഞ്ജയുടെ അപ്രതീക്ഷിത വിയോഗം.
2000ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള സഞ്ജയുടെ അരങ്ങേറ്റം. മേരേ യാര്‍ കി ശാദി ഹൈ, ധൂം, ധൂം 2, കിഡ്നാപ്, അജബ് ഗസബ് ലവ് തുടങ്ങിയവയാണ് സഞ്ജയ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
അമിത് സദിനെയും രാഹുല്‍ ദേവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2020ല്‍ പുറത്തിറങ്ങിയ ഓപ്പറേഷൻ പരിണ്‍ദേയാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.