കാസര്‍കോട്: പതിനാലുകാരിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതിക്ക് 46 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 38 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍, ദേശമംഗലത്തെ ബി എസ് ലോകേഷി(47)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജഡ്‌ജ് എ മനോജ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 2018 ഫെബ്രുവരി 25ന് കുംബഡാജെ നേരപ്പാടിയിലാണ് കേസിനാസ്‌പദമായ സംഭവം.
ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്‌തത് എസ് ഐ മെല്‍വിന്‍ ജോസും കുറ്റപത്രം സമര്‍പ്പിച്ചത് ബദിയഡുക്ക ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന രാജേഷുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.