വാഹനമിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു ശസ്‌ത്രക്രിയ; കാഞ്ഞങ്ങാട്ടെ അപൂർവ്വ ശസ്ത്രക്രിയാ വിശേഷം ഇങ്ങിനെ


കാസർകോട്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ജീവനുമായി മല്ലിട്ട പെരുമ്പാമ്പിന് വെറ്റിനറി ഡോക്‌ടര്‍മാരുടെ അവസരോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. ഇന്നലെ പുലര്‍ച്ചെയാണ്‌ പള്ളിക്കരയില്‍ ഒന്നരവയസ്‌ പ്രായമുള്ള പെരുമ്പാമ്പിനെ ഏതോ വാഹനം കയറി ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയില്‍ കണ്ടെത്തിയത്‌. പള്ളിക്കര പോസ്റ്റോഫീസ്‌ വളപ്പിലാണ്‌ പാമ്പിനെ കണ്ടത്‌. വിവരമറിഞ്ഞ്‌ വൈല്‍സ്‌ റെസ്‌ക്യൂവര്‍ നജീബ്‌ ചിത്താരിയെത്തി പാമ്പിനെ കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസിലെത്തിച്ചു. തുടര്‍ന്ന്‌ റേഞ്ച്‌ ഓഫീസര്‍ ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം പാമ്പിനെ ബി.എഫ്‌.ഒ നവീന്‍ കുമാര്‍, സ്‌നേക്ക്‌ റെസ്‌ക്യൂവര്‍മാരായ വിജേഷ്‌ മടിക്കൈ, സുനില്‍ സുരേന്ദ്രന്‍, നജീബ്‌ ചിത്താരി എന്നിവര്‍ ചേര്‍ന്ന്‌ പാമ്പിനെ കാഞ്ഞങ്ങാട്‌ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ ഡോ.നിതീഷ്‌ അനസ്‌തേഷ്യ നല്‍കി മയക്കിയശേഷം ഡോ.ബിജിന, ഡോ.ആതിര എന്നിവര്‍ ചേര്‍ന്ന്‌ മുറിവുകള്‍ വൃത്തിയാക്കി പുറത്തേക്ക്‌ തള്ളിയ ആന്തരികാവയവങ്ങള്‍ അകത്തേയ്‌ക്കാക്കി തുന്നിക്കെട്ടി. പിന്നീട്‌ പാമ്പിനെ വനം വകുപ്പിനു കൈമാറി. സുഖം പ്രാപിച്ചശേഷം പാമ്പിനെ വനത്തില്‍ വിടുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ഇത്തരത്തിലുള്ള സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയകള്‍ നടത്താനുള്ള സൗകര്യം വയനാട്‌ വെറ്റിനറി ആശുപത്രിയില്‍ മാത്രമാണുള്ളത്‌. എന്നാല്‍ വെറ്റിനറി ഡോക്‌ടര്‍മാര്‍ മുന്നിട്ട്‌ ഒന്നിച്ചു നിന്നപ്പോള്‍ അപൂര്‍വ്വ സംഭവത്തിനാണ്‌ കാഞ്ഞങ്ങാട്‌ സാക്ഷ്യം വഹിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page