നവംബർ 14 ലോക പ്രമേഹ ദിനം; പ്രമേഹത്തെ സൂചിപ്പിക്കുന്ന ശരീരത്തിന്റെ അടയാളങ്ങൾ എന്തെല്ലാം? പ്രമേഹത്തെ എങ്ങിനെ നേരിടാം

വെബ് ഡെസ്ക്: നവംബർ 14 ലോക പ്രമേഹ ദിനമായാണ് ആചരിക്കുന്നത്. ഈ വർഷത്തെ ലോക പ്രമേഹ ദിനം ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഇന്ത്യ ഡയബറ്റിസിന്റെ (ICMR-INDIAD) പഠനമനുസരിച്ച്, ഏകദേശം 10.1 കോടി ആളുകൾ നിലവിൽ ഇന്ത്യയിൽ പ്രമേഹബാധിതരാണ്. പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥ മാത്രമല്ല. മരണനിരക്ക് വർദ്ധിപ്പിക്കുകയും ആരോഗ്യസംരക്ഷണ സംവിധാനത്തെ താറുമാറാക്കുകയും ചെയ്യുന്നുണ്ട്.

പ്രമേഹം നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്, ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ ഭാവിയിലെ പല സങ്കീർണതകകളും തടയാന്‍ സാധിക്കും.

പ്രമേഹത്തെ സൂചിപ്പിക്കുന്ന 8 അടയാളങ്ങൾ :

  1. പതിവായി മൂത്രമൊഴിക്കാനുള്ള പ്രേരണ
    സാധാരണയായി, വൃക്കകൾ രക്തത്തിലെ മാലിന്യങ്ങൾ അരിച്ചെടുക്കുകയും അത് ശരീരത്തിൽ നിന്ന് മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുകയും ചെയ്യുന്നു. രക്തത്തിലെ അധിക പഞ്ചസാര വൃക്കകളുടെ അരിക്കല്‍ പ്രക്രിയ കഠിനമാക്കി, കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുന്നു.
  2. ദാഹം കൂടുന്നു
    ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് മൂലം ശരീരത്തില്‍ നിർജ്ജലീകരണം സംഭവിക്കുകയും അമിത ദാഹം അനുഭവപ്പെടുകയും ചെയ്യും. കൂടാതെ, ഇത് ദ്രാവകം ശരിയായി ക്രമീകരിക്കുന്നതിൽ നിന്ന് ശരീരത്തെ പരിമിതപ്പെടുത്തുന്നു. ഉയർന്ന രക്തത്തിലെ പഞ്ചസാര വരണ്ട കണ്ണുകൾ, വരണ്ട വായ, വരണ്ടതും ചൊറിച്ചിൽ ഉള്ള ചർമ്മത്തിനും കാരണമാകും.
  3. വിശപ്പ് കൂടുന്നു
    പ്രമേഹമുള്ളവരിൽ, ശരീരത്തിലെ കോശങ്ങൾക്ക് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് രക്തത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയില്ല. ശരീരത്തിലെ ഈ ഊർജ്ജത്തിന്റെ അഭാവം വിശപ്പ് വർദ്ധിപ്പിക്കുന്നു.
  4. കാരണമില്ലാതെ ശരീര ഭാരം കുറയുന്നത്
    ഊർജം ഉൽപ്പാദിപ്പിക്കുന്നതിന് ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ കാരണം ശരീരം പേശികളെയും കൊഴുപ്പിനെയും തകർക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കുന്നു.
  5. കാഴ്ച ശേഷിയിലെ മാറ്റങ്ങൾ
    നിങ്ങളുടെ കാഴ്ചയിലോ കണ്ണടയുടെ പവറിലോ പെട്ടെന്നുള്ള അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള മാറ്റങ്ങൾ പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ണിന്റെ ഫോക്കസ് ചെയ്യാനുള്ള കഴിവിനെ ബാധിച്ച് താൽക്കാലിക മങ്ങലിന് കാരണമാകും. മാത്രമല്ല, നിയന്ത്രണത്തിലല്ലാത്ത പ്രമേഹം കാഴ്ച്ച എന്നന്നേക്കുമായി നഷ്ടപ്പെടാനും കാരണമാകും.
  6. മുറിവ് ഉണങ്ങാന്‍ വൈകുന്നത്
    രക്തത്തില്‍ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തചംക്രമണത്തെ ബാധിക്കുകയും രോഗപ്രതിരോധ ശക്തി കുറയ്ക്കുകയും ചെയ്യും. അതിനാൽ, പ്രമേഹരോഗികൾക്കും അല്ലെങ്കിൽ അപകടസാധ്യതയുള്ളവർക്കും ചെറിയ മുറിവുകളോ ചതവുകളോ ഉണ്ടായാല്‍ പോലും അത് ഉണങ്ങാന്‍ ദീർഘ കാലമെടുക്കും.
  7. മൂത്രനാളിയില്‍ പതിവായ അണുബാധ
    വൃക്കകൾക്ക് ശരിയായ രീതിയിൽ രക്തം അരിയ്ക്കാന്‍ കഴിയാത്തതു കൊണ്ട്, മൂത്രത്തിൽ സാധാരണത്തേക്കാൾ കൂടുതൽ പഞ്ചസാര ഉണ്ടാകുന്നു ഇത്‌ മൂത്രനാളികളില്‍ അണുബാധകൾക്ക് കാരണമാകും.
  8. ഇരുണ്ട ചർമ്മം
    കഴുത്ത്, കക്ഷം, വിരലുകളുടെ സന്ധികള്‍, ഞരമ്പ്, കീഴ്‍വയറ് എന്നിവിടങ്ങളിലെ ചർമ്മം പെട്ടെന്ന് ഇരുണ്ടതായി മാറുന്നത് ഇൻസുലിൻ ഉപയോഗിക്കാനുള്ള കോശങ്ങളുടെ കഴിവ് തടസ്സപ്പെടുന്നതോടെയാണ്. അമിതവണ്ണമുള്ളവരിലും ഈ അവസ്ഥ കാണാറുണ്ട്.

ഈ അടയാളങ്ങളുടെ സാന്നിധ്യം മാത്രം പ്രമേഹത്തില്‍ അവസാനിക്കില്ല. പ്രമേഹ രോഗനിർണയം സ്ഥിരീകരിക്കുന്നതിന് എച്ച്ബിഎ1സി ടെസ്റ്റ്, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് ടെസ്റ്റ്, അല്ലെങ്കിൽ ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (ഒജിടിടി) എന്നിങ്ങനെയുള്ള നിരവധി ടെസ്റ്റുകൾ ഡോക്ടർമാർ ശുപാർശ ചെയ്യും. മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ പ്രമേഹത്തിന്റെ കുടുംബചരിത്രം ഉണ്ടെങ്കിൽ, കൂടുതൽ പരിശോധനകള്‍ക്കും വേഗത്തിലുള്ള ചികിത്സയ്ക്കും നിങ്ങൾ ഒരു ഡോക്ടറേ (ഡയബറ്റോളജിസ്റ്റിനെ) സമീപിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page