അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ ; വിധിയെ കയ്യടിച്ച് വരവേറ്റ് ജനക്കൂട്ടം

 


കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന് വധ ശിക്ഷ. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. പീഡിപ്പിച്ചതടക്കുമുളള മറ്റ് കുറ്റ കൃത്യങ്ങൾക്ക് 5  ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കയ്യടികളോടെയാണ് ശിക്ഷാ വിധിയെ കോടതിക്ക് പുറത്ത് തടിച്ചു കൂടിയ വീട്ടമ്മമാരുൾപ്പെടെയുള്ളവർ സ്വീകരിച്ചത്. നീതി ലഭിച്ചതായി ജനക്കൂട്ടം പറഞ്ഞു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തിലാണ് പരമാവധി ശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.കുറ്റകൃത്യം നടന്ന് നൂറ്റി പത്താമത്തെ ദിവസമാണ് കേസിൽ വിധി വരുന്നത്. അതിവേഗതിയിൽ വിധി പ്രസ്താവിച്ച കേസ്സെന്ന പ്രത്യേകതയും കേസിനുണ്ട്.
സമാനതയില്ലാത്ത ക്രൂരതയാണെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ 11.13 ഓടെ വിധി പ്രസ്താവന ഉണ്ടായത്.
എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശുദിനത്തിലാണ് കേസിന്റെ വിധി പറഞ്ഞതെന്ന പ്രത്യേകതയുണ്ട്. രാജ്യത്ത് പോക്‌സോ നിയമങ്ങള്‍ നിലവില്‍ വന്ന ദിവസമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.
ജൂലായ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

30 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.
കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച്‌ ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച്‌ മദ്യം കുടിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് കൊലപ്പെടുത്തി കല്ലിട്ട് മൃതദേഹം വികൃതമാക്കി ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page