മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് ചെക്യാടാണ് സംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ സംപ്തംബര്‍ 30 വടക്കഞ്ചേരിയിലും സമാനമായ സംഭവം നടന്നിരുന്നു. കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകന്‍ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഇക്കഴിഞ്ഞ മെയില്‍ വടകരയിലും മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെയും തീക്കുനി സ്വദേശി അര്‍ഷാദിന്റെയും 35 ദിവസം പ്രായമായ മകള്‍ അന്‍സിയയാണ് മരിച്ചത്. മുലപ്പാല്‍ നല്‍കുമ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
